ലണ്ടന്‍: രോഗാണുക്കള്‍ കലര്‍ന്ന രക്തം സ്വീകരിച്ചതിലൂടെ 2400 രോഗികള്‍ മരിച്ചതായുള്ള ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരിനു മേല്‍ വര്‍ഷങ്ങളായി തുടരുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് ഇപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്. 1970കളിലും 80കളിലുമാണ് അണുബാധയുള്ള രക്തം സ്വീകരിച്ചതുമൂലം രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി എന്നിവ പകര്‍ന്നത്. കോമണ്‍സില്‍ ഇത് സംബന്ധിച്ച് നടക്കാനിരുന്ന വോട്ടെടുപ്പില്‍ പരാജയം മണത്തതോടെയാണ് തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അണുബാധയുള്ള രക്തം സ്വീകരിച്ചവരില്‍ ജീവിച്ചിരിക്കുന്നവര്‍ ഈ അന്വേഷണത്തെ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച ലേബര്‍ എംപിയും ഇരകളായവര്‍ക്കു വേണ്ടി വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഡയാന ജോണ്‍സണ് കോമണ്‍സില്‍ എമര്‍ജന്‍സി ഡിബേറ്റിന് അനുമതി ലഭിക്കുകയായിരുന്നു. വിഷയത്തില്‍ ജോണ്‍സണിന് അനുകൂലമായാണ് ഭൂരിപക്ഷം എംപിമാരും പ്രതികരിച്ചത്. അതോടെ തെരേസ മേയ് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.
അന്വേഷണത്തിന്റെ രീതി ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിക്കും. ഹീമോഫീലിയ രോഗികള്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ മാരക രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പകര്‍ന്നത്. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് മേയ് പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറുപടികള്‍ ലഭിക്കേണ്ടതുണ്ട്. അതിനാണ് അന്വേഷണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Leave a Reply