ലണ്ടന്‍: ഭീകരപ്രവര്‍ത്തനം നേരിടാന്‍ ഇന്റര്‍നെറ്റ് നിയന്ത്രണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. ഇതിനായി പുതിയ അന്താരാഷ്ട്ര കരാറുകള്‍ അവതരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോളാണ് തെരേസ മേയ് ഈ ആവശ്യം ഉന്നയിച്ചത്. ഓണ്‍ലൈനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരിക്കുന്ന തീവ്രവാദികളെ പുറത്തുകൊണ്ടുവരാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇതിനായി ടെക്‌നോളജി കമ്പനികള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
തീവ്രവാദ ആശയങ്ങള്‍ ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഇടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ കണ്ടെത്താന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന വലിയ കമ്പനികള്‍ ശ്രമിക്കണം. തീവ്രവാദം ഇന്റര്‍നെറ്റിലൂടെ വ്യാപിക്കുന്നത് തടയാന്‍ മറ്റു ജനാധിപത്യ രാജ്യങ്ങളുമായി ചേര്‍നന് അന്താരാഷ്ട്ര കരാറുകള്‍ തയ്യാറാക്കണമെന്നും അവര്‍ പറഞ്ഞു. ഇസ്ലാമിക് തീവ്രവാദമാണ് അടുത്തിടെ ബ്രിട്ടന്‍ നേരിട്ട മൂന്ന് ആക്രമണങ്ങളിലും പൊതുവായി ഉള്ളത്. ഇവ ഒരു പ്രത്യേക നെറ്റ്‌വര്‍ക്കിന്റെ ഭാഗമല്ലെന്നും പുതിയ ഒരു ഭീഷണിയാണ് ഉയര്‍ന്നുവരുന്നതെന്നും മേയ് പറഞ്ഞു.
ഇന്റര്‍നെറ്റ് നിയന്ത്രണവും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നെറ്റ് കമ്പനികളെ പങ്കാളികളാക്കുന്നതും വിഭാവനം ചെയ്യുന്നതാണ് കണ്‍സര്‍വേറ്റീവ് പ്രകടനപത്രിക. പോര്‍ണോഗ്രഫി കൂടുതല്‍ അപ്രാപ്യമാക്കുന്നതും പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് അന്താരാഷ്ട്ര തലത്തില്‍ കരാര്‍ വേണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ രാഷ്ട്ര നേതാവാണ് തെരേസ മേയ്. കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നേരത്തേ കൊണ്ടുവന്ന സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍വെസ്റ്റിഗേറ്റീവ് പവേഴ്‌സ് ആക്ട് 2016 പൗരന്റെ ഇന്റര്‍നെറ്റ് ഉപയോഗം പരിശോധിക്കാന്‍ രാജ്യത്തിന് അധികാരം നല്‍കുന്ന നിയമമാണ്.
Leave a Reply