ലണ്ടന്‍: നഴ്‌സുമാരുടെയും പോലീസ്, ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെയുമുള്‍പ്പെടെയുള്ള ശമ്പള വര്‍ദ്ധനവ് തടയുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നു. പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമാക്കി ചുരുക്കിയ നടപടി എടുത്തു കളയുന്നതില്‍ എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത്. നഴ്‌സുമാര്‍, പോലീസുകാര്‍, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. ശമ്പള പരിഷ്‌കരണ സമിതികളുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.
അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനുള്ള നിര്‍ദേശം എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്, ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് എന്നിവര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ കഴിഞ്ഞയാഴ്ച സമരം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ലേബറില്‍ നിന്നുള്ള സമ്മര്‍ദ്ദവും സര്‍ക്കാരിനെ ഈ തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചു. മുന്‍ ലേബര്‍ സര്‍ക്കാര്‍ സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചത്.
പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ നടത്തിയ കഠിനാധ്വാനവും ത്യാഗവുമാണ് സാമ്പത്തിക വ്യവ്സ്ഥയെ അല്‍പമെങ്കിലും കരകയറ്റിയത്. ശമ്പള നിയന്ത്രണം തൊഴിലവസരങ്ങള്‍ സംരക്ഷിച്ചുവെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാബിനറ്റില്‍ തിരിച്ചെത്തിയ മൈക്കിള്‍ ഗോവ് എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം എടുത്തുകളയാനുള്ള എല്ലാ നീക്കത്തെയും പിന്തുണയ്ക്കുമെന്നും അറിയിച്ചു.
Leave a Reply