ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയാലും ബ്രിട്ടനെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കരുക്കള്‍ നീക്കി ബ്രസല്‍സ്. 2019 മാര്‍ച്ച് വരെ നീളുന്ന രണ്ട് വര്‍ഷത്തെ പിന്‍മാറ്റ കാലയളവില്‍ ധാരണകള്‍ തെറ്റിച്ചാല്‍ ബ്രിട്ടനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഉദ്ദേശിക്കുന്നത്. അന്തിമ ധാരണയിലെത്തുന്നത് വരെ ഏതെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ ബ്രിട്ടനെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യവസ്ഥകള്‍ ധാരണകളില്‍ ബ്രസല്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചോര്‍ന്ന് കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ബ്രിട്ടന്‍ യൂണിയന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് യൂറോപ്യന്‍ കോടതിയില്‍ പരാതികളുമായെത്തുമോ എന്ന ഭയമാണ് ഇതില്‍ നിഴലിക്കുന്നത്.

ഇപ്രകാരം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ബ്രസല്‍സ് സ്വീകരിച്ചിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം നിഷേധിക്കുക, സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകളില്‍ സ്വാധീനം തടയുക, യൂറോപ്യന്‍ കോടതിയിലെ ജഡ്ജുമാരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കുക, ബ്രിട്ടീഷ് എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനും രാജ്യാന്തര വാണിജ്യ ബന്ധങ്ങള്‍ക്കും ഈ ഉപരോധങ്ങള്‍ പ്രതിസന്ധിയുണ്ടാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാഹചര്യങ്ങള്‍ എന്തായാലും നമ്മുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുമെന്നാണ് കോമണ്‍സിലെ ചോദ്യോത്തര വേളയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. നമുക്ക് ചേരുന്ന ധാരണയിലേ അവസാനമായി ഒപ്പുവെക്കുകയുള്ളു. അതിനു മുമ്പായി എല്ലാ വിധത്തിലുള്ള അഭിപ്രായങ്ങളും കേള്‍ക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉന്നയിക്കുന്ന ഇത്തരം ബാലിശമായ ഭീഷണികള്‍ അവരുടെ ഭീതിയാണ് കാണിക്കുന്നതെന്ന് കടുത്ത ബ്രെക്‌സിറ്റ് വാദിയായ ബെര്‍ണാര്‍ഡ് ജെന്‍കിന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ എത്രമാത്രം പരാജമാണെന്ന് നാം അവരെ കാട്ടിക്കൊടുക്കാന്‍ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.