3 വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാൻ തീരുമാനിച്ചപ്പോൾ തുടങ്ങി , പ്രധാനമന്ത്രി ആയിരുന്ന തെരേസ മേയുടെ പതനത്തിന് തുടക്കം കുറിച്ചു. ” എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രവർത്തിച്ചു” – മേയുടെ വികാരനിർഭരമായ വാക്കുകൾ ഒരു വിലാപം മാത്രമായി ചരിത്രത്തിൽ രേഖപ്പെടുത്തും . മിക്ക കൺസേർവേറ്റിവ് പാർട്ടി നേതാക്കളുടെയും സ്ഥിതി തെരേസ മേയുടെ തുല്യമാണ്. ഏകദേശം 52% ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ അനുകൂലിച്ചു വോട്ട് ചെയ്തപ്പോൾ മുൻ പ്രധനമന്ത്രി ആയിരുന്ന ഡേവിഡ് ക്യാമെറൂണിനും തന്റെ സ്ഥാനം ഒഴിയേണ്ടതായി വന്നു. തെരേസ മേയുടെ നേതൃത്വത്തിൽ കൺസേർവേറ്റിവ് പാർട്ടിക്ക് ബ്രെക്സിറ്റ് നടപ്പാക്കാനായില്ല . ബ്രെക്സിറ്റ് കൈകാര്യം ചെയ്യുന്നതിൽ കൺസേർവേറ്റിവ് പാർട്ടി പരാജയപ്പെട്ടതാണ് അവരുടെ രാഷ്ട്രീയ പരാജയത്തിനും കാരണം. ആറാഴ്ച മുമ്പ് ഇല്ലാതിരുന്ന ഒരു പാർട്ടിയോട് വരെ അവർക്ക് തോൽക്കേണ്ടി വന്നു. തകർച്ചകളുടെയും രാഷ്ട്രീയ തെറ്റിദ്ധാരണകളുടെയും ഒരു കാലമായി മേയുടെ ഭരണകാലത്തെ വിശേഷിപ്പിക്കാം. ചിലതൊക്കെ അവർക്ക് നേരിടുവാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു. സ്വന്തം ആളുകളുടെ മണ്ടത്തരങ്ങൾക്കും അവർ ഇരയാകേണ്ടി വന്നു. മേയുടെ പല തീരുമാനങ്ങളും അവർക്കെതിരെ ആയിരുന്നു. ഇത് സ്വന്തം പാർട്ടിയുടെ ഉന്മൂലനത്തിനാണ് വഴി തുറന്നത്. മേയിലുള്ള പാർട്ടി എംപിമാരുടെയും ക്യാബിനറ്റിന്റെയും വിശ്വാസം നഷ്ടപ്പെടുകയും ഒരു ഒറ്റപെട്ട പ്രധാനമന്ത്രി ആയി മേയ് വിശേഷിപ്പിക്കപ്പെടുകയും ഉണ്ടായി. തന്റെ 3 വർഷത്തിന് ഇടയിൽ നടന്ന എല്ലാ കാര്യങ്ങളും അവരെ പ്രതികൂലമായി തന്നെ ബാധിച്ചു. മേയുടെ പരാജയം ലേബർ പാർട്ടിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കി.
ഗ്രെൻഫെൽ ഗോപുരദുരന്തം 72 പേരുടെ മരണത്തിന് കാരണമായപ്പോൾ മേയ്, ആ സ്ഥലം സന്ദർശിച്ചതല്ലാതെ രക്ഷപെട്ടവരെയോ മരണപ്പെട്ടവരുടെ കുടുംബങ്ങളെയോ സന്ദർശിച്ചില്ല. ഇത് മേയിൽ ഉള്ള ജനപ്രീതി നഷ്ടപെടുന്നതിനും ഇടയായി.ഇതുവഴി അനേകം വിമർശനവും അവർ നേരിട്ടു. ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ലേബർ പാർട്ടിയുടെ മുന്നേറ്റത്തെ അവർ കണക്കിലെടുത്തില്ല. ഇപ്രകാരം ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമായി മാറി.സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് പല സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു. 2 പ്രമുഖ മന്ത്രിമാരായ ബോറിസ് ജോൺസനെയും ഡേവിഡ് ഡേവിസിനെയും മേയുടെ തീരുമാനങ്ങൾ മൂലം പാർട്ടിക്ക് നഷ്ടമായി. പിന്നീട് ബ്രെക്സിറ്റ് സെക്രട്ടറിയായി ഡൊമിനിക് റാബിനെ നിയമിച്ചു എങ്കിലും 24 മണിക്കൂറുപോലും പൂർത്തിയാകാനാവാതെ അദ്ദേഹം രാജി വെക്കുകയും ചെയ്തു. ഇതൊക്കെയും തെരേസ മേയുടെ പതനത്തിന് ആക്കം കൂട്ടുകയാണ് ഉണ്ടായത്. പലരെയും അവഗണിച്ചതിലുള്ള പ്രശ്നങ്ങളും മേയ് നേരിടേണ്ടതായി വന്നു. ഇവയെല്ലാം മേയുടെ പദവിയെ പ്രതികൂലമായി ബാധിച്ചു.ഇത്പോലെ തകർച്ചകൾ നേരിടേണ്ടി വന്ന ഒരു പ്രധാനമന്ത്രി വേറെ ഉണ്ടാവില്ല. ബ്രിട്ടനിലെ ചരിത്ര താളുകളിൽ മേയുടെ ഭരണവും ഒരു ദുരന്തമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. ബ്രെക്സിറ്റ്, ഒരു പ്രധാനമന്ത്രിയുടെ കൂടെ വാഴ്ചയുടെ അന്ത്യത്തിന് കാരണമാവുന്നു രാഷ്ട്രീയ നിരൂപകർ വിലയിരുത്തുന്നു .
Leave a Reply