രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ അതാണ് കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്നത് എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തിലാണ് മോഷണം അരങ്ങേറിയത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ഈ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ (ഏകദേശം 78,85,24,47,600 രൂപ) വിലമതിക്കുമെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുരക്ഷാസംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മോഷണത്തെ കുറിച്ച് ആരും അറിഞ്ഞതുമില്ല. കവര്‍ച്ചയ്ക്ക് മുമ്പ് മ്യൂസിയത്തിലേയും സമീപപ്രദേശത്തേയും വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ അലാറം പ്രവര്‍ത്തനരഹിതമായി. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനാലയുടെ ഇരുമ്പഴികള്‍ വളച്ചാണ് മോഷ്ടാക്കൾ മ്യൂസിയത്തിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി തടസം നേരിട്ടിരുന്നെങ്കിലും രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ചില ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കണക്കാക്കപ്പെടുന്നതിലും വളരെ ഉയർന്നതാണ് ആഭരണങ്ങളുടെ മൂല്യമെന്നാണ് മ്യൂസിയം അധികൃതരുടെ വാദം. എന്നാൽ മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഒന്നായി വില്‍ക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മിച്ച നാലായിരത്തിലധികം വസ്തുശേഖരങ്ങളുള്ള ഗ്രീന്‍ വോള്‍ട്ടിൽ നിന്നാണ് അമൂല്യ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
ഫ്രെഡറിക് അഗസ്റ്റസ് മൂന്നാമനായി സൃഷ്ടിച്ച സൈനിക ഉദ്യോഗസ്ഥന്റെ പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയാണ് ആഭരണം. 230 ലധികം വ്യത്യസ്ഥ വജ്രങ്ങളാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 175 സെന്റിമീറ്റർ നീളമുള്ള (8.6 ഇഞ്ച്) ആഭരണം 1780 ലാണ് പൂർത്തിയായിത്. ഒരു വലിയ റോസ് കട്ട് ഡയമണ്ടിന് ചുറ്റും ചെറിയ വജ്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്ന തരത്തിലാണ് ആഭരണം തയ്യാറാക്കിയിട്ടുള്ളത്.
Leave a Reply