ജോയ് അഗസ്തി, ലിവര്‍പൂള്‍

മരണം എന്ന സത്യത്തെ ഭയത്തോടെ കാണുമ്പോഴും അത് ഒരു അനിവാര്യതയാണ്. അത്തരമൊരവസ്ഥ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉണ്ടാകുമ്പോൾ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മിൽ പലർക്കും നിശ്ചയമില്ല. മരണാനന്തര നടപടികൾ നമ്മുടെ നാട്ടിലേപ്പോലെ തീർത്തും ലളിതമായ ഒന്നല്ല ഇവിടെ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. മരണപ്പെട്ടയാളുടെ ബോഡി നാട്ടിലേക്കയക്കുവാനോ അതുമല്ലെങ്കിൽ ഇവിടെത്തന്നെ അടക്കം ചെയ്യുവാനോ നിരവധി നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ആ നടപടിക്രമങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

യൂ.കെയിൽ മരണപ്പെട്ട പത്തില്പരം മലയാളികളുടെ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച ലിവർപൂളിനടുത്തുള്ള ബെബിങ്ടണിലെ “ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ്” (Laurence Jones Funeral Directors) എന്ന സ്ഥാപനത്തിന്റെ വക്താക്കളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഒരു മലയാളി മരണപ്പെട്ടാൽ ശരീരം ഇവിടെ തന്നെ മറവ് ചെയ്യുന്നതിനോ, അതുമല്ലെങ്കിൽ നാട്ടിലേക്ക് അയക്കുന്നതിനോ വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി നൽകുന്നതിന് ഞങ്ങളുടെ അറിവിൽ യൂ.കെയിൽ തന്നെ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് ഈ സ്ഥാപനവുമായി “ലിവർപൂൾ മലയാളി അസോസ്സിയേഷന്റെ” (LIMA LIVERPOOL) പ്രതിനിധികളായ ഞാനും ശ്രീ. ജോഷി ജോസഫും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടത്. നോർത്ത് വെസ്റ്റിലോ അതിനപ്പുറം ലീഡ്സ്, ബെർമ്മിംഹാം തുടങ്ങിയ ഏരിയകളിലോ ഒരു മരണം ഉണ്ടായാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡി കൊച്ചി, തിരുവനന്തപുരം എന്നീ എയർപോർട്ടുകളിൽ എത്തിക്കുന്നതിന് ഫ്ലൈറ്റ് ചാർജ്ജടക്കം 2500 പൌണ്ട് ആണ് ഈ സ്ഥാപനം ഈടാക്കുന്നത്. എന്നാൽ കോഴിക്കോട് എയർപോർട്ടിലേക്ക് അയക്കുന്നതിന് മുന്നൂറ് പൌണ്ട് എയർലൈൻ കൂടുതൽ ചാർജ്ജ് ചെയ്യുന്നതിനാൽ അധികച്ചിലവായ 300 പൌണ്ടും ചേർത്ത് 2800 പൌണ്ട് നൽകേണ്ടിവരും.

യൂ.കെയിൽ തന്നെ മൃതദേഹം സംസ്കരിക്കുന്നതിന് ഏകദേശം ഈ തുകയോ ഒരു പക്ഷേ ഇതിലും കൂടുതലോ വേണ്ടി വരും. അത് ഓരോ സ്ഥലങ്ങളിലെയും ഗ്രേവ് യാർഡിന്റെ വില, (പുതിയ കുഴിക്കും പഴയ കുഴിക്കും വില വ്യത്യാസം ഉണ്ടാകും) ബോഡി ഏത് വാഹനത്തിൽ കൊണ്ട് പോകുന്നു എന്നു തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് തുകയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഓരൊ പള്ളികളുടെയും അധികാര പരിധിയിൽ‌പ്പെട്ട സെമിത്തേരികളിലോ അതല്ലെങ്കിൽ കൌൺസിലിന്റെ അധീനതയിലുള്ള സെമിത്തേരികളിലോ ബോഡി അടക്കം ചെയ്യാവുന്നതാണ്. ഓരോ കൌൺസിലും അവരുടെ വെബ്ബ് സൈറ്റിൽ ഈ സെമിത്തേരികളിലെ കുഴികളുടെ വിലയും അതനുബന്ധ ചിലവുകളുടെ കണക്കുകളും ഒരോ വർഷവും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകും. (ലിവർപൂൾ കൌൺസിലിന്റെ വെബ്ബ് സൈറ്റിന്റെ ഒരു കോപ്പി ഇവിടെ നിങ്ങൾക്കായി അപ്ലോഡ് ചെയ്തിട്ടുണ്ട്).

ബോഡി അടക്കം ചെയ്യുന്നതിനേക്കാൾ ചിലവ് കുറവാണ് ബോഡി ദഹിപ്പിക്കുന്നതിന്. എങ്കിൽ പോലും മറ്റ് നടപടിക്രമങ്ങൾ എല്ലാം തന്നെ ഇതിനും ബാധകമാണ്. ദഹിപ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ ചാരം നാട്ടിൽ കൊണ്ട് പോകുന്നതിന് കൊണ്ട്പോകുന്നയാൾ വ്യക്തമായ രേഖ സമ്പാദിക്കേണ്ടതും ആയത് യാത്രയിൽ കൈവശം സൂക്ഷിക്കേണ്ടതുമാണ്.

നടപടി ക്രമങ്ങൾ:-

1.ഒരു വ്യക്തി ആശുപത്രിയിലോ വച്ച് മരണപ്പെട്ടാൽ ആദ്യം വിവരം അറിയിക്കേണ്ടത് അതാത് സ്ഥലങ്ങളിലെ കോറോണറെയാണ്. കൊറോണറുടെ ഓഫീസ് എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കും. കൊറോണർ ബന്ധപ്പെട്ട ഡോക്ടേഴ്സുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിക്കും. സ്വാഭാവിക മരണം ആണെങ്കിൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ കൊറോണറുടെ ലെറ്റർ നമുക്ക് നേരിട്ട് തരുന്നതായിരിക്കും. അസ്വാഭാവികമരണങ്ങൾക്ക് അവയുടെ കാരണങ്ങൾ സ്ഥിരീ‍കരിക്കപ്പെടുന്നത് വരെ കൊറോണറുടെ ലെറ്റർ കിട്ടുവാൻ താമസം വരും.. മരണപ്പെട്ടയാളുടെ ബന്ധുക്കളോ അവരുടെ അഭാവത്തിൽ സുഹൃത്തുകളോ ആണ് കൊറോണറെ ബന്ധപ്പെടേണ്ടത്. കൊറോണറുടെ ഓഫീസിനു ശെനിയും ഞായറും ഉൾപ്പെടെയുള്ള അവധി ദിവസങ്ങളെല്ലാംതന്നെ അവധിയായിരിക്കുമെന്നതിനാൽ വെള്ളിയാഴ്ച രാത്രി ഒരു മരണമുണ്ടായാൽ അക്കാര്യം അടുത്ത പ്രവർത്തി ദിവസം മാത്രമേ കൊറോണറെ അറിയിക്കാൻ സാധിക്കൂ എന്നത് മറ്റെല്ലാ പേപ്പർ വർക്കുകളെയും ബാധിക്കുകയും അതുമൂലം മറ്റെല്ലാ നടപടി ക്രമങ്ങളും ലേറ്റാകുന്നതുമായിരിക്കും.

2. (Copy of Death Certificate).

പിന്നീട് മരണം രെജിസ്റ്റർ ചെയ്യുവാനായി രെജിസ്റ്റ്രാറെ അതാതിടങ്ങങ്ങളിലെ രെജിസ്ട്രാറെ സമീപിക്കേണ്ടതാണ്. കൊറോണറുടെ ലെറ്റർ, മരണപ്പെട്ടയാളുടെ പാസ്പോർട്ട്, സിറ്റിസൺ കാർഡ് തുടങ്ങിയവ ഇതിനായി രെജിസ്റ്റ്രാർ മുൻപാകെ ഹാജരാക്കേണ്ടതാണ്.

3.(Freedom from infection Certificate).

പകർച്ച വ്യാധികളിൽ നിന്നും മുക്തമാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് വിവിധ സ്ഥലങ്ങളിൽ നിന്നുമാണ്. വീട്ടിലോ, നെഴ്സിംഗ് ഹോമിലോ വച്ച് നടക്കുന്ന മരണങ്ങൾക്ക് അവരുടെ ജീ.പിയും, ആശുപത്രിയിൽ വച്ച് നടക്കുന്ന മരണങ്ങൾക്ക് ആശുപത്രി അധികൃതരും ആണ് ഇവ നൽകുന്നത്.

4. (Out of England Certificate)

മേല്പറഞ്ഞ സർട്ടിഫിക്കറ്റുകളുമായി കൊറോണറെ വീണ്ടും സമീപിച്ചാൽ ബോഡി മോർച്ചറിയിൽ നിന്നും മാറ്റാവുന്നതാണ്. ഇൻഡ്യയിലേക്ക് ബോഡി കൊണ്ടുപോകണമെങ്കിൽ ഔട്ട് ഒഫ് ഇംഗ്ലണ്ട് സർട്ടിഫിക്കറ്റ് കൊറോണറിൽ നിന്നും ലഭിച്ചിരിക്കണം. ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് മുൻപേ നാം ഒരു ഫ്യൂണറൽ ഏജൻസിയെ ബന്ധപ്പെടേണ്ടതാണ്. കൊറോണറുടെ അനുവാദം ലഭിച്ചാൽ ബോഡി ഫ്യൂണറൽ ഏജൻസിക്ക് ഏറ്റെടുക്കാവുന്നതും മറ്റ് നടപടികൾ തുടങ്ങാവുന്നതുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

5.(Embalming Certificate)

ഫ്യൂണറൽ ഡയറക്റ്റേഴ്സ് ഏറ്റെടുക്കുന്ന ബോഡി അവർ എംബാം ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും. ഈയവസരത്തിൽ ഫ്യൂണറൽ ഡയറക്റ്റേഴ്സിന്റെ ഓഫീസിൽ പ്രത്യേകമായി ഒരുക്കിയിരിക്കുന്ന മുറിയിൽ ബോഡി സന്ദർശിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. കൂടാതെ മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ നിർദ്ദേശാനുസരണം പൊതുദർശനത്തിനായി ബോഡി കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതുമാണ്. ഈ സർട്ടിഫിക്കറ്റ്

6.(Repatriation letter).

ബോഡി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അനുവാദം നൽക്കുന്നതിനുള്ള ഒരു ലെറ്റർ ആണ് ഇത്. അടുത്ത ബന്ധൂവോ സുഹൃത്തോ ഒപ്പിട്ട ഒരു ലെറ്റർ ആണിത്.
7.എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ മരണപ്പെട്ടയാളുടെ പാസ്പോർട്ടും കരസ്ഥമാക്കിയ മറ്റ് സർട്ടിഫിക്കറ്റുകളുമായി ഇൻഡ്യൻ എംബസ്സിയെ സമീപിക്കേണ്ടതാണ്. സാധാരണ ഗതിയിൽ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ എംബസ്സിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങാം. എംബസ്സിയിൽ നിന്നുള്ള സർട്ടിഫിക്കറ്റുമായി ഫ്യൂണറൽ ഡയറക്റ്റേഴ്സിനെ സമീപിച്ചാൽ അവർ ഉടൻ നാട്ടിലേക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും. എംബസ്സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപായി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാൻ ആരും ടിക്കറ്റ് ബുക്ക് ചെയ്യരുത്.

8.(Consignee details)

ബോഡി നാട്ടിലെ എയർപോർട്ടിൽ എത്തിയാൽ എയർലൈൻ അധികൃതർക്ക് ബന്ധപ്പെടുവാനും ബോഡി കൈമാറുവാനുമായി ബന്ധപ്പെട്ടയാളുടെ ഫോൺ നമ്പറും അഡ്രസ്സും ഉൾപ്പെടെയുള്ള വിവരങ്ങൾ ഫ്യൂണറൽ ഡയറക്റ്റേഴ്സിനെ അറിയിക്കേണ്ടതാണ്. അവർ ഈ വിവരങ്ങൾ എയർ ലൈനെ അറിയിക്കുന്നതായിരിക്കും.

9.(Funeral Directors Declaration of Content)

എല്ലാ വിവരങ്ങളും അടങ്ങിയ ഈ സർട്ടിഫിക്കറ്റ് ഫ്യൂണറൽ ഡയറക്റ്റേഴ്സ് നൽകുന്നതായിരിക്കും.

Laurence Jones Funeral Directors.

ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്റ്റേഴ്സിന് ചെസ്റ്ററിലും വിറാലിലുമായി രണ്ട് ഓഫീസുകളാണുള്ളത്. ശ്രീ. Laurence Jonesഉം അദ്ദേഹത്തിന്റെ മകൻ Rojer Jones ഉം ആണ് ഇവയുടെ നടത്തിപ്പുകാർ. വളരെ ഫ്രണ്ട്ലി ആയി ഇടപെടാവുന്ന ഇവരുടെ സ്ഥാപനത്തിലൂടെ പത്തിൽ‌പ്പരം മലയാളികളുടെ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. അറിയപ്പെട്ടതിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഇവർ നടത്തുന്ന സേവനം എപ്പോഴെങ്കിലും, ആർക്കെങ്കിലും ആവശ്യമായി വന്നാൽ ഇവരെ ബന്ധപ്പെടുക. ഇവരുടെ വെബ്ബ് അഡ്രസ് താഴെ കൊടുത്തിരിക്കുന്നു. അതുമല്ലെങ്കിൽ ഇവരുടെ ഓഫീസിനടുത്തായി താമസിക്കുന്ന ലിവർപൂൾ മലയാളി അസോസ്സിയേഷന്റെ (LIMA LIVERPOOL) പ്രതിനിധിയായ ശ്രീ. ജോഷി ജോസഫിനേയോ (Joshi Joseph -07941896956) മറ്റ് ലിമാ പ്രതിനിധികളേയോ ബന്ധപ്പെട്ടാൽ സാധ്യമായ സഹായങ്ങൾ നൽകുന്നതായിരിക്കും.

http://www.laurencejones.org/

IMG_1008