ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടീഷ് ഹാൾമാർക്കിങ് കൗൺസിൽ(BHC) ഓൺലൈൻ സ്വർണ്ണവ്യാപരികൾക്കിടയിൽ നടത്തിയ പഠനം പുറത്തുവിടുന്ന ഫലം പഴഞ്ചൊല്ലിൽ പതിരില്ല എന്ന പഴമക്കാരുടെ വചനത്തെ ശരി വെയ്ക്കുന്നതാണ്. ഓൺലൈനായി വാങ്ങുന്ന സ്വർണ്ണാഭരണങ്ങളിൽ അധികവും വ്യാജമാണെന്നാണ് പുതിയ കണ്ടെത്തൽ. കാതിലും കഴുത്തിലും കിടന്ന് തിളങ്ങുന്നതെല്ലാം പൊന്നാകണം എന്നുറപ്പു പറയാനാകില്ല എന്നു സാരം.
സ്വർണ്ണം , വെള്ളി , പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളാൽ നിർമ്മിതമായ , ഒരു പരിമിത തൂക്കത്തിൽ കൂടുതൽ ഉള്ള എന്തും വിൽക്കണമെങ്കിൽ ഹാൾമാർക്ക് വേണമെന്നാണ് യു കെ-യിലെ നിയമങ്ങൾ അനുശാസിക്കുന്നത്. സ്വർണ്ണം എന്ന പേരിൽ ഒരു ആഭരണമോ മറ്റെന്തിങ്കിലുമോ വിൽക്കുന്നുണ്ട് എങ്കിൽ ഹാൾമാർക്ക് നിർബന്ധം ആണ് . ഹാൾമാർക്ക് ഇല്ലായെങ്കിൽ പ്രസ്തുത വസ്തുവിന്റെ വില്പന നിയമവിരുദ്ധമാണ്. 150,000ൽപരം വ്യാജ സ്വർണ്ണാഭരണങ്ങൾ ഒരു വർഷം യു കെ-യിൽ മാത്രം വിൽക്കപ്പെടുന്നു എന്നാണ് ബി എച്ച് സി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
ബി എച്ച് സി ചെയർമാൻ നോയൽ ഹണ്ടർ പറയുന്നത് ആകെയുള്ളത്തിന്റെ ചെറിയൊരു ശതമാനം സാമ്പിളുകൾ മാത്രമാണ് തങ്ങൾ പരിശോധിച്ചത് എന്നാണ്. അതിനാൽ തന്നെ ഓൺലൈനായി സ്വർണ്ണം വാങ്ങുമ്പോൾ ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങൾ ആണോ തിരഞ്ഞെടുക്കുന്നത് എന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുള്ളവർ അഭിപ്രായപെടുന്നു.
ഗവണ്മെന്റിന് ചില കാര്യങ്ങൾ ഈ വിഷയത്തിൽ ചെയ്യാനുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഓൺലൈൻ വ്യാപാരങ്ങളെ നിയന്ത്രിച്ചു നിർത്താൻ ഭരണസംവിധാനങ്ങൾക്ക് കഴിയണം. ഗുണമേന്മയുള്ള ആഭരണങ്ങൾ ആണ് വില്പനയ്ക്ക് വെച്ചിരുക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ ഗവണ്മെന്റിനാകും. ഓൺലൈൻ ആഭരണ വിപണിയിൽ ഹാൾമാർക്കിങ് നിർബന്ധമാക്കിയാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും.
Leave a Reply