ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച കടുത്ത വിമർശനങ്ങളും മുന്നറിയിപ്പുമാണ് ജനറൽ മെഡിക്കൽ കൗൺസിൽ ( ജി എം സി ) നൽകിയിരിക്കുന്നത്. എൻഎച്ച്എസിൽ പ്രവർത്തിക്കുന്ന മൂന്നിലൊന്ന് ഡോക്ടർമാരും തങ്ങളുടെ “ബ്രേക്കിംഗ് പോയിന്റിൽ ” ആണ് എത്തിനിൽക്കുന്നതെന്ന് ജിഎംസി മുന്നറിയിപ്പ് നൽകുന്നു. നിലവിലെ പരിചരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തന്നെ പതിവായി അധിക മണിക്കൂറുകൾ ജോലി ചെയ്യുവാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നുണ്ട്. യുകെയിലെ ഡോക്ടർമാരുടെ തൊഴിൽ ജീവിതത്തിന്റെ ഭയാനകമായ ചിത്രമാണ് ജിഎംസി മുന്നോട്ടുവയ്ക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമിത ജോലി മൂലം ക്ഷീണിതരായ ഡോക്ടർമാർ രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടെന്നും ജിഎംസി വ്യക്തമാക്കി. യുകെയിലെ ആരോഗ്യ സേവനങ്ങൾ ഗുരുതരാവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്ന് ജിഎംസി ചീഫ് എക്സിക്യൂട്ടീവ് ചാർലി മാസി വ്യക്തമാക്കി. തങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുവാൻ ഡോക്ടർമാർ പലപ്പോഴും തങ്ങളുടെ ജോലിസമയം കുറയ്ക്കുവാൻ ശ്രമിക്കുകയും അധിക മണിക്കൂറുകൾ ജോലി ചെയ്യുവാൻ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. തങ്ങൾക്ക് മേലുള്ള സമ്മർദ്ദം മൂലം അവധി എടുക്കുന്ന ഡോക്ടർമാരുടെ എണ്ണവും കൂടുതലാണ്. യുകെയിലെ 3,80,000 ഡോക്ടർമാരിൽ, 4,288 പേരിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ജിഎംസി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


തീവ്രമായ ജോലി സമ്മർദങ്ങൾ അധിക ചുമതലകൾ ഏറ്റെടുക്കുന്നതിൽ നിന്ന് 41 ശതമാനം ഡോക്ടർമാരെ വിസമ്മതിക്കുവാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 47 ശതമാനം ഡോക്ടർമാർ അടുത്ത വർഷം തങ്ങളുടെ കരാർ സമയം വെട്ടി കുറയ്ക്കാൻ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനറൽ പ്രാക്ടീഷണർ ആയ ഒരു ഡോക്ടർ ജിഎംസിക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ ജോലിയെ താൻ സ്നേഹിച്ചിരുന്നതായും, എന്നാൽ ഇപ്പോൾ താൻ തീർത്തും വെറുക്കുന്ന ഒരു സാഹചര്യത്തിലേയ്ക്കാണ് എത്തിപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കി. തനിക്ക് ക്ഷീണം തോന്നുന്നതായും താൻ ജോലി സ്ഥലത്തുനിന്ന് എത്രയും വേഗം തിരിച്ചു പോരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഎച്ച്എസ്സിന്റെ അവസ്ഥ തീർത്തും മോശമായ സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്നാണ് ജിഎംസി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ആരോഗ്യ മേഖലയിൽ ആവശ്യമാണ്.