ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന 30 കൗൺസിലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തങ്ങളുടെ കടബാധ്യത ഒഴിവാക്കാൻ ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിൽക്കുന്നതിൽ നിന്ന് പിൻ തിരിയണമെന്ന് സർക്കാർ തലത്തിൽ കൗൺസിലുകൾക്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന കൗൺസിലുകൾക്ക് 1.5 ബില്യൺ പൗണ്ട് കടമായി നൽകാനുള്ള തീരുമാനത്തിനാണ് സർക്കാർ പച്ച കൊടി കാണിച്ചിരിക്കുന്നത്.
ഫണ്ടിന്റെ അഭാവം മൂലം പല കൗൺസിലുകളും വികസന പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിരുന്നു. സാമൂഹിക പരിചരണത്തിനും മറ്റ് സേവന പ്രവർത്തനങ്ങളിലും ഫണ്ടിന്റെ അഭാവം മൂലം വന്ന പോരായ്മകളും സർക്കാർ കണക്കിലെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബർമിംഗ്ഹാം, ബ്രാഡ്ഫോർഡ്, വിൻഡ്സർ, മെയ്ഡൻഹെഡ് എന്നീ മൂന്ന് കൗൺസിലുകൾക്ക് ഈ വർഷം 100 മില്യൺ പൗണ്ടിൽ കൂടുതൽ കടം വാങ്ങാൻ അനുമതി നൽകാനും തീരുമാനം ആയി.
കഴിഞ്ഞ വർഷത്തിൽ ബർമിംഗ്ഹാം, ക്രോയ്ഡൺ, നോട്ടിംഗ്ഹാം, സ്ലോ, തുറോക്ക്, വോക്കിംഗ് എന്നീ ആറു കൗൺസിലുകളാണ് പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിയത്. ഈ 6 കൗൺസിലുകൾക്കും പ്രത്യേക സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. ഈ അസാധാരണ സാമ്പത്തിക പിന്തുണ ചിലവുകൾക്കായി കൂടുതൽ വായ്പകൾ എടുക്കാൻ കൗൺസിലുകളെ പ്രാപ്തരാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ സ്വന്തമായുള്ള ആസ്തികൾ വിനിയോഗിച്ചും ഫ്രണ്ട്ലൈൻ സേവനങ്ങൾ വെട്ടിക്കുറച്ചും കടം വീട്ടും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ ഈ നീക്കം നടത്തിയിരിക്കുന്നത്. കൗൺസിലുകളെ സാമ്പത്തികമായി സഹായിക്കാനുള്ള സർക്കാരിൻറെ നീക്കം അടുത്ത ലോക്കൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave a Reply