റോബിൻ ജോസഫ്

ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോ മലബാർ പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂൺ 24 ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 .30 ന് സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ വെരി റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് കൊടിയേറ്റുന്നതോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വാഹന വെഞ്ചരിപ്പ് എന്നിവയും നടത്തും. മൂന്നുമണിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സിഞ്ചെല്ലൂസ്‌ വെരി റവ. ഫാ. ജിനോ അരീക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാന ആരംഭിക്കും. വെരി റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് സഹകാർമ്മികനായി ദിവ്യബലി മധ്യേ തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും, ലദീഞ്ഞിനും ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടൂള്ള ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ ഫാ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുകർമ്മങ്ങൾ അവസാനിക്കുന്നതാണ്. തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി 23 അംഗ പ്രസുദേന്തിമാരെയും പ്രതിനിധിയോഗാംഗങ്ങളെയും ഇടവക ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള വിവിധ കമ്മറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുനാളിന് ഒരുക്കമായി ഉപവാസപ്രാർത്ഥനയും നൊവേനയും നടത്തി വരുന്നു. തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും അവരുടെ മഹനീയ മാതൃക പിന്തുടർന്ന് മിശിഹാനുഭവം സ്വന്തമാക്കുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ സംയുക്ത തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി നിർദ്ദിഷ്ട മിഷൻ ഡയറക്ടർ ഫാ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, വിൻസന്റ് പോൾ പാണാകുഴിയിൽ തിരുനാൾ കമ്മിറ്റി കൺവീനർമാരായ റോബിൻ ജോസഫ് മുണ്ടുചിറ, മാത്യു വർഗീസ് കൈതക്കടുപ്പിൽ എന്നിവർ അറിയിച്ചു.

ദൈവാലയത്തിന്റെ വിലാസം.
St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.