തിരുവനന്തപുരം: ആന്‍സിയുടേയും വിനോദിന്‍റെയും കല്യാണം കഴിഞ്ഞ് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവരുടെ ജീവിതത്തിലേക്ക് വിധി വില്ലനായി എത്തിയത് ബസ്സപകടത്തിന്റെ രൂപത്തില്‍. ഏതാനും ദിവസം മുമ്പ് ആര്‍പ്പുവിളികളോടെ വരവേല്‍ക്കപ്പെട്ട വിനോദും ആന്‍സിയും അന്നണിഞ്ഞ വിവാഹവസ്‌ത്രങ്ങളില്‍ ഒരിക്കല്‍ക്കൂടി ആ പടി കടന്നെത്തി, ചേതനയറ്റ്…
കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം. എല്ലാവര്‍ക്കും വേളാങ്കണ്ണിയില്‍ നിന്നു മെഴുകുതിരിയുമായി വരാമെന്നു പറഞ്ഞാണ് കൈകോര്‍ത്തുപിടിച്ച് ബുധനാഴ്‌ച യാത്രതിരിച്ചത്. തിരിച്ചെത്തിയതാകട്ടെ, കണ്ണീരായി ഉരുകിയൊഴുകുന്ന മെഴുകുതിരികളുടെ നടുവിലേക്ക്.
തിരുെനല്‍വേലി ബസപകടത്തില്‍ മരിച്ച വിനോദ്-ആന്‍സി ദമ്പതികളുടെ മൃതദേഹം ഇന്നലെ വൈകുന്നേരം ആന്‍സിയുടെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ നാടാകെ അവിടെയുണ്ടായിരുന്നു. ഏറെ വൈകാതെ ഇരുവരുടെയും സംസ്‌കാരം നടത്തി. വിനോദിന്റെ ശരീരം രണ്ടായി മുറിഞ്ഞുപോയിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞാലുടന്‍ വേളാങ്കണ്ണിയിലേക്കു പോകാമെന്ന നേര്‍ച്ചയുണ്ടായിരുന്നു. മടക്കയാത്രയില്‍ വിധി തീരുമാനിച്ചുവച്ചിരുന്നത് മറ്റൊന്നായി. മിന്നുകെട്ട് നടന്ന കൊച്ചുതോപ്പ് ഫാത്തിമമാതാ പള്ളിയിലായിരുന്നു സംസ്‌കാരവും. ഇരുവരേയും ഒരേ കുഴിയിലാണ് അടക്കിയത്. വിവാഹ ശുശ്രൂഷ ആശിര്‍വദിച്ച ഫാ. ജോയി സി. മാത്യുവിന്റെ നേതൃത്വത്തിലുള്ള വൈദികസംഘം തന്നെയാണ് സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്.
വീട്ടുമുറ്റത്ത് ഒരുക്കിയ വിവാഹപ്പന്തല്‍ ഇന്നലെ രാവിലെയാണ് അഴിച്ചുനീക്കിയത്. വീട്ടുപരിസരത്തു തന്നെയുണ്ടായിരുന്ന സാധനസാമഗ്രികള്‍ കൊണ്ട് വീണ്ടും ഒരിക്കല്‍ക്കൂടി പന്തലുയര്‍ത്തി. അവിടേക്കായിരുന്നു മടങ്ങിവരവ്. വിവാഹത്തിന്റെ സന്തോഷത്തില്‍ കളിചിരികള്‍ മുഴങ്ങിയ വീട് ഇന്നലെ വിലാപങ്ങളില്‍ മുങ്ങി. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടവിവരം നാട്ടിലറിഞ്ഞത്. വിനോദും ആന്‍സിയും മരിച്ച വിവരം അറിഞ്ഞില്ലെങ്കിലും ഇവരെപ്പറ്റി വിവരം ലഭിക്കാതിരുന്നത് ആശങ്ക പടര്‍ത്തിയിരുന്നു. മുന്‍ കൗണ്‍സിലര്‍ ടോണി ഒളിവര്‍ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകറിനെയും സംഭവസ്‌ഥലത്തെത്തിയ എ.ഡി.എം. വിനോദിനെയും ബന്ധപ്പെട്ടപ്പോള്‍ തിരിച്ചറിയാത്ത മൃദേഹങ്ങളെക്കുറിച്ച് അറിയിച്ചു. അതോടെ ബന്ധുക്കള്‍ തിരുനെല്‍വേലിയിലേക്ക് തിരിച്ചു.
തിരിച്ചറിയാന്‍ പറ്റാത്തവിധം ഇവരുടെ മൃതദേഹങ്ങള്‍ വികൃതമായിരുന്നു. അന്‍സിയുടെ വിവാഹമോതിരം കണ്ട് സഹോദരനാണ് അന്‍സിയെ ആദ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ പിന്നെയും വൈകി. വിനോദിന്റെ കൈയ്യിലെ മോതിരത്തില്‍ ഉണ്ടായിരുന്ന ആന്‍സിയുടെ പേരാണ് വിനോദിനെ തിരിച്ചറിയാന്‍ സഹായിച്ചത്.അതുവരെ പ്രാര്‍ഥനകളിലായിരുന്ന വീട്ടില്‍ അതോടെ അലമുറ ഉയര്‍ന്നു.
വലിയതോപ്പ് ലീലാ കോട്ടേജില്‍ ലോറന്‍സ്-ലീല ദമ്പതികളുടെ മകനാണ് വിനോദ്. കൊച്ചുതോപ്പ് ആന്‍സി ഭവനില്‍ ജോയി-മേരി ദമ്പതികളുടെ മകളാണ് ആന്‍സി. വിനോദ് വിദേശത്തു നിന്ന് വിവാഹത്തിനായി നാട്ടിലെത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അനന്തപുരി ആശുപത്രിയില്‍ നഴ്‌സായ ആന്‍സിയുമൊത്ത് ഉടന്‍ വിദേശത്തേക്കു മടങ്ങാനായിരുന്നു തീരുമാനം. സ്വീറ്റി, വിനീത് എന്നിവരാണ് വിനോദിന്റെ സഹോദരങ്ങള്‍. ആശ, അരുണ്‍ എന്നിവര്‍ ആന്‍സിയുടെ സഹോദരങ്ങളും.