യുവാവ് യുവതിയെ തീകൊളുത്തിയെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലോടെയാണ് ഇന്നലെ നഗരം ഉണർന്നത്. രാവിലെ 9.11ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്ന സംഭവത്തിനു ദൃക്സാക്ഷികൾ അധികം ഇല്ലായിരുന്നു. കടകൾ തുറന്നു വരുന്നതേയുള്ളു. ഒരു ടയർ കട, സൈക്കിൾ കട, മെഡിക്കൽ സ്റ്റോർ എന്നിവയാണ് ഇവിടെ ഉള്ളത്. ഇതിൽ ടയർ കട മാത്രമാണ് തുറന്നിരുന്നത്. തൊട്ടെതിർവശത്തുള്ള കടകളും തുറന്നിരുന്നില്ല.
ചിലങ്ക ജംക്‌ഷനിൽ നിന്നു വിദ്യാർഥികളായ യുവാവും യുവതിയും നടന്നുപോകുന്നതു പലരും കണ്ടെങ്കിലും സാധാരണ കാഴ്ചയായേ കരുതിയുള്ളു. റോഡിൽ നിന്നു സംസാരിക്കുന്നതിനിടെ യുവാവ് യുവതിയുടെ തലയിലൂടെ പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും നിമിഷങ്ങൾക്കുള്ളിലായിരുന്നു. 40 സെക്കൻഡിനുളളിൽ എല്ലാം കഴിഞ്ഞു. തീ ആളിക്കത്തിയപ്പോഴാണ് വഴിയിലുള്ളവർ ശ്രദ്ധിച്ചത്.
പെൺകുട്ടിയുടെ ദേഹത്തെ തീ കെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. ഉടനെ പെൺകുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു.
അപ്പോൾ തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഈ സമയമെല്ലാം റോഡിൽ അക്ഷ്യോഭ്യനായി നിന്ന യുവാവിനെ ചിലർ പിടിച്ചുനിറുത്തി. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റിയശേഷമാണ് അന്വേഷണം തുടങ്ങിയത്.
യുവതിയെ തീ കൊളുത്തിയ സംഭവത്തിൽ പൊലീസിനു തെളിവായതു റെയിൽവേ സ്റ്റേഷൻ റോഡിലെ കളിപ്പാട്ടക്കടയിലെ ക്യാമറ. സംഭവം നടന്നതിന് എതിർവശത്താണ് കട. ഇവിടെ നിന്നു റോഡിലേക്കു തിരിച്ചുവച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പലവട്ടം പരിശോധിച്ചു. 9.11 മുതൽ 40 സെക്കൻഡ് നീണ്ടുനിൽക്കുന്ന ദൃശ്യത്തിലാണ് സംഭവം ഉള്ളത്. റോഡിനെതിർവശത്ത് നടന്ന സംഭവമായതിനാൽ ഇടയ്ക്ക് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ തടസ്സം ഉണ്ടെങ്കിലും സംഭവം വ്യക്തമായി കാണാം.
ദൃശ്യം ഇങ്ങനെ: റോഡിലൂടെ പെൺകുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്പോൾ വഴി തടസ്സപ്പെടുത്തി മുൻപിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയിൽ പെൺകുട്ടി വയർ പൊത്തി വേദനയോടെ നിൽക്കുന്നു. (കത്തി കൊണ്ടുള്ള കുത്ത് കൊണ്ടതാകാം. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ മറവിലാണ് പല ദൃശ്യവും.) പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റർ കത്തിക്കുന്നതു പോലെയുള്ള ആക്‌ഷൻ. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവർ പുറകോട്ടു വീഴുന്നു. നാട്ടുകാർ ഓടിക്കൂടി ഫ്ലെക്സ് ബോർഡ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നു. ഇത്രയും രംഗങ്ങളാണ് സിസി ടിവിയിലുള്ളത്. യുവാവ് പോക്കറ്റിലാണ് കത്തി സൂക്ഷിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.
സംഭവം നടന്നതിനുശേഷം റോഡുവശത്ത് അവശേഷിച്ചത് യുവതിയുടെ കത്തിക്കരിഞ്ഞ ബാഗ്, അര ലീറ്ററിന്റെ കുപ്പി, ലൈറ്റർ എന്നിവയും നാട്ടുകാർ തീ കെടുത്താനുപയോഗിച്ച ഫ്ലെക്സ് ബോർഡും.
ബാഗ് പകുതിയോളം കത്തിയിട്ടുണ്ട്. ഇതിനോടു ചേർന്നാണ് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ലൈറ്ററും കിടന്നത്. പൊലീസിന്റെ സയന്റിഫിക് ഓഫിസർ ലീന ബി.നായർ, വിരലടയാള വിദഗ്ധരായ എ.ഷൈലജകുമാരി, ടി.കെ.ശ്രീജ, ഫൊട്ടോഗ്രഫർ ജയദേവകുമാർ എന്നിവർ ചേർന്നാണ് സംഭവസ്ഥലത്തു നിന്നു തെളിവുകൾ ശേഖരിച്ചത്.
വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്ന ഇരുവരും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രതി വന്നതെന്നുമാണ് പൊലീസ് നിഗമനം. അതിനാണ് കത്തി, പെട്രോൾ, കയർ എന്നിവയുമായി ഇന്നലെ രാവിലെ തിരുവല്ലയിൽ എത്തിയത്. പെൺകുട്ടിയുടെ ദേഹത്ത് തീപടരുന്നതു കണ്ട് അക്ഷ്യോഭ്യനായി നിന്ന അജിൻ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അത്ഭുതപ്പെടുത്തി.
പെൺകുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നു ഡോക്ടർമാർ പറഞ്ഞു. തല മുതൽ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവൻ കരിഞ്ഞു. പേശികൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതുമൂലം വൃക്കകൾക്കു തകരാർ സംഭവിക്കാൻ സാധ്യത ഏറെയാണ്. അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.
തിരുവല്ലയിൽ നിന്ന് എറണാകുളം വരെ ആംബുലൻസ് 43 മിനിറ്റിൽ
പൊള്ളലേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസ് (ഐഐഇഎംഎസ്) മെഡിക്കൽ ടീം ആംബുലൻസിൽ 94 കിലോമീറ്റർ അകലെ എറണാകുളം മെഡിക്കൽ സെന്ററിൽ എത്തിച്ചത് 43 മിനിറ്റുകൊണ്ട്. തിരുവല്ല, ആലപ്പുഴ, ചേർത്തല, അരൂർ വഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് സംഘം വഴിനീളെ നൽകിയ സഹകരണം കൊണ്ടാണ് ഇത്രയും ചെറിയ സമയത്തിനുള്ളിൽ എത്താൻ കഴിഞ്ഞത്.
വെന്റിലേറ്ററിലേക്ക് ഘടിപ്പിച്ച് മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളും ജീവൻ രക്ഷാ മരുന്നുകളും നൽകി മെഡിക്കൽ ടീമംഗങ്ങളായ അഖിൽ കൃഷ്ണൻ, അനന്തു മനോഹരൻ എന്നിവരാണ് തിരുവല്ലയിൽ നിന്നു പുറപ്പെട്ടത്. ഇതിനിടയിൽ കോൾ സെന്ററിൽ നിന്നു അസിസ്റ്റന്റ് മാനേജർ (102) മജോ ജോൺ മെഡിക്കൽ സംഘത്തിനു നിർദേശം നൽകി കൊണ്ടിരുന്നു.
തിരുവല്ല സിഐ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് ഗതാഗത തടസ്സം ഒഴിവാക്കാനുള്ള മാർഗം പൊലീസ് നൽകിക്കൊണ്ടിരുന്നത്. യാത്രയിൽ ഓരോ നിമിഷവും രോഗിയുടെ അവസ്ഥ മനസ്സിലാക്കി കൃത്യതയോടുകൂടി ജീവൻ രക്ഷാ മരുന്നുകളും പരിചരണവും നൽകി സുരക്ഷിതമായി മെഡിക്കൽ സംഘാംഗങ്ങൾ എത്തിക്കുകയായിരുന്നു.
Leave a Reply