പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർഥിനിക്ക് നാടിൻറെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവല്ലയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
സ്വന്തം കലാലയമുറ്റത്തേക്ക് അവസാനമായി ഒരിക്കൽക്കൂടി അവളെത്തി. കണ്ണീർ തളംകെട്ടിയ അന്തരീക്ഷത്തിൽ സഹപാഠികളും, അധ്യാപകരും, നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. വാടകവീട്ടിലെ പൊതുദർശനമൊഴിവാക്കിയാണ് പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിൽ പതിനഞ്ച് മിനിറ്റ് പൊതുദർശനമൊരുക്കിയത്. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലെ പൊതുശ്മശാനത്തിലെത്തിച്ച് നാലരയോടെ സംസ്കരിച്ചു.
അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയതിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെ ഈ മാസം പന്ത്രണ്ടാംതീയതിയാണ് ആക്രമണത്തിനിരയായത്. പ്ലസ്ടുവിന് സഹപാഠിയായിരുന്ന അജിൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
Leave a Reply