പതിമുന്നുകാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അയിര കൃഷ്ണവിലാസം ബംഗ്ലാവിൽ സൗമ്യയുടെ മകൾ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. പിന്നിൽ നിന്നെത്തിയ രണ്ടുപേർ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് കുട്ടി പറഞ്ഞിരുന്നതായി മെഡിക്കൽകോളജിലെ ഡോക്ടർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
ആരോ അടിച്ചുവീഴ്ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി പറഞ്ഞതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിൽ മരണമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് എത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സുചന. മരണമൊഴി മജിസ്ട്രേറ്റ് പൊലീസിന് കൈമാറിയിട്ടില്ല.
പഠിക്കാതെ ബുക്കിൽ നോക്കിയിരുന്ന് ഉറങ്ങുന്നത് കണ്ട് വഴക്കു പറഞ്ഞതിലുള്ള ദുഃഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിശദികരണം. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിനൊപ്പം നാട്ടുകാർ നൽകിയ എതിർവിവരങ്ങളും ചേർത്തുള്ള അന്വേഷണമാണ് നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ തെളിവുകൾ പരമാവധി ശേഖരിച്ച് മുന്നോട്ട് പോകാനാണ് പൊലീസ് തിരുമാനം.
കുട്ടി മണ്ണെണ്ണ എടുത്തുവെന്ന് സംശയിക്കുന്ന ക്യാൻ വെള്ളിയാഴ്ച രാവിലെ ഫൊറൻസിക് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ കണ്ടില്ല. പക്ഷേ അത് വൈകിട്ട് പൊലീസെത്തിയപ്പോൾ അടുക്കളയിൽ ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. മണ്ണെണ്ണ എടുത്ത ശേഷം പുറത്തേക്കുള്ള വാതിൽപ്പടിയിലുണ്ടായിരുന്ന ക്യാൻ കുട്ടിയുടെ ദേഹത്തെ തീഅണച്ച ശേഷം വീട്ടിനകത്തേക്ക് കൊണ്ടുവരുമ്പോൾ തട്ടാതിരിക്കാൻ മാതാവ് എടുത്ത് അടുക്കളയിലെ സ്ലാബിൻെറ അടിയിൽ വയ്ക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി.
ഫോറൻസിക് സംഘം അരിച്ചുപൊറുക്കിയിട്ടും ഇങ്ങനെ ഒരു ക്യാൻ അടുക്കളയിൽ ഇല്ലായിരുന്നതായും സൂചനകളുണ്ട്. മാതാവിന്റെ ക്രുരമർദനത്തിന് കുട്ടി പലപ്പോഴും ഇരയായിട്ടുള്ളതാണ് ആത്മഹത്യയെന്ന പൊലീസ് വാദം നാട്ടുകാർ എതിർക്കുന്നതിന് കാരണം. ഒന്നരവർഷം മുമ്പ് പെൺകുട്ടി നാട് വിട്ട് പോകുന്നതിനായി പാറശാല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഉപദ്രവവിവരം പുറത്തായിരുന്നു.
ആദ്യഭർത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം നാല് വർഷം മുമ്പാണ് അധ്യാപികയായ സൗമ്യയെ അയിര സ്വദേശി വിവാഹം ചെയ്തത്. പീന്നിട് ഇവർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. തൊടുപുഴ സംഭവത്തിൻെറ പശ്ചാത്തലത്തിൽ പരിസരവാസികൾ നൽകിയ വിവരങ്ങളും വീട്ടുകാരുടെ മൊഴിയും വിശദമായി പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടത്തുന്നതെന്ന് പൊഴിയൂർ സിഐ അറിയിച്ചു.
Leave a Reply