ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതി, പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം ഫോട്ടോയില്‍ ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പിനിരയായവര്‍ വീട്ടിലെത്തി അന്വേഷിക്കുമ്പോള്‍ പിടിക്കപ്പെടാതിരിക്കാനാണ് തന്ത്രം മെനഞ്ഞത്. ആള്‍മാറാട്ടക്കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ജോയ് തോമസാണ്(48) ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. വീടിന്‍റെ വരാന്തയിലെ ടീപ്പോയിയിലാണ് ഇയാള്‍ ഫോട്ടോ വച്ച് ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് വച്ച് മുങ്ങിയത്.
അന്വേഷിച്ചെത്തുന്ന ആളുകള്‍ ഇയാള്‍ മരിച്ചെന്ന് കരുതി തിരികെ പോകും. എന്നാല്‍, പറ്റിക്കപ്പെട്ട ചിലര്‍ ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. ഇയാള്‍ സര്‍ക്കാറുദ്യോഗസ്ഥനല്ലെന്നും ആള്‍മാറാട്ടം നടത്തി പറ്റിക്കുന്നയാളാണെന്നും നാട്ടുകാര്‍ പറഞ്ഞപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കുഴങ്ങി. സര്‍ക്കാറുദ്യോഗസ്ഥനാണെന്നും സര്‍ക്കാര്‍ ജോലി ഒപ്പിച്ചുതരാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.
ശാസ്തമംഗലം സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ആന്‍ഡ് എക്സൈസ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 36000 രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയില്‍ മാലതൂക്കി ചന്ദന തിരിയും കത്തിച്ചുവച്ച നിലയില്‍ കണ്ടത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസ് വലയിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍, ടിടിആര്‍ എന്നിങ്ങനെ പല പേരിലും ഇയാള്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ തിരുനെല്‍വേലിയിലെ യുവതിയെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് അവരോടൊപ്പമാണ് താമസിക്കുന്നത്.
Leave a Reply