നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിയുന്നത്.

വീടിന്റെ കിണറ്റിന് സമീപത്തെ പപ്പായ മരത്തിന്റെ ചുവട്ടിൽ ദുർഗന്ധവും ഈച്ച ശല്ല്യവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. ഭർത്താവുമായി പിണങ്ങി ഒൻപതും ആറും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചു വന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു.

വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം രാത്രിയിൽ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വിജിയുടെ അച്ഛൻ മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷാണ് ഭർത്താവ്. നിർമാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വർഷം മുൻപ് വിജി ഇറങ്ങിപ്പോയതാണ്. രാജേഷ്‌കുമാർ വിജിയുമായി പിണങ്ങി അഞ്ചു വർഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം..

ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം .ആൺ കുഞ്ഞാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും