പൗര്‍ണമിയും തിരുവാതിരനാളും ഒത്തുചേരുന്ന ധനുമാസ രാവ്. ആര്‍ദ്രാവ്രതം നോറ്റ് ഏഴരവെളുപ്പിനുണര്‍ന്ന്, ഗംഗയുണര്‍ത്തലും തുടിച്ചു കുളിയും പാതിരാപ്പൂ ചൂടലുമായി സുമംഗലികളും കന്യകമാരും ആഘോഷങ്ങളില്‍ മുഴുകുന്ന ധനുമാസ തിരുവാതിര.
അഞ്ചു തിരിയിട്ട വിളക്കിനു മുന്നില്‍ നിറപറയും ഗണപതികൂട്ടും ഒരുക്കി ഗണപതി ചുവടുവെച്ചു പഴമയുടെ നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് ധനുമാസ തിരുവാതിര അതിഗംഭീരമായി കൊണ്ടാടുവാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഒരുങ്ങി കഴിഞ്ഞു. ഈ വരുന്ന ഡിസംബർ 27 -ന് 5 മണി മുതല്‍ 10 മണി വരെ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര, മാഞ്ചസ്റ്ററിലെ ഗീതാഭവന്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് അതിവിപുലമായി ആഘോഷിക്കുകയാണ്. അഞ്ചു മണിയോടുകൂടി അലങ്കാരങ്ങള്‍ മുഴുമിപ്പിച്ചു ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിര ആഘോഷത്തിനു, 10 മണിയോടുകൂടി പാതിരാപ്പൂചൂടി, മംഗളം പാടി സമാപനം കുറിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ അത്യധികം ഉത്സാഹത്തോടെ വനിതകള്‍ കൊണ്ടാടിയ ധനുമാസ തിരുവാതിര, ഇക്കുറിയും ഗംഭീരമായി തന്നെ ആഘോഷിക്കുവാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.
തിരുവാതിര വ്രതമെടുത്ത്, വിളക്ക് തെളിയിച്ച്, ഗണപതി സ്തുതിയോടെ തിരുവാതിരപ്പാട്ടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയില്‍ എട്ടങ്ങാടി നേദിച്ച്, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിര തല്ലുന്ന ആ തിരുവാതിര രാവിലേക്ക്, സമാജത്തിലെ അംഗനമാര്‍ക്കൊപ്പം മറ്റുള്ള സമാജങ്ങളിലെ കുടുംബങ്ങള്‍ക്കും പങ്കെടുക്കുവാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ധനുമാസ തിരുവാതിര ആഘോഷത്തിലേക്കു ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ജിഎംഎംഎച്ച്‌സി ധനുമാസ തിരുവാതിര കോ-ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെടുക
സിന്ധു ഉണ്ണി: 07979 123615
ദീപ ആസാദ്: 07500 892399
Leave a Reply