മലയാളികൾ ലോകത്തിന്റെ ഏതു കോണിലും വിരാജിക്കുന്നുണ്ടെങ്കിലും അന്യ നാട്ടിൽ വിമാനം പറപ്പിക്കാൻ തയ്യാറെടുക്കുക അപൂർവ സംഭവം. അതും ഒരു പതിനേഴുകാരി. കിഴക്കൻ മലയോര കവാടമായ മുണ്ടക്കയത്തിനടുത്ത് കൂട്ടിക്കൽ ചെമ്പൻകുളം തറവാട്ടിൽ നിന്നാണ് ഐശ്വര്യ ലണ്ടനിലെ ആകാശം കീഴടക്കാൻ തയ്യാറെടുക്കുന്നത്. അച്ഛൻ ബിജു ബാലചന്ദ്രനും അമ്മ രജിതയും മകളുടെ ജീവിതസ്വപ്നം യാഥാർഥ്യമാക്കാൻ ഒപ്പമു ണ്ട്.
ലണ്ടനിലെ ന്യൂ ഹാം കോളേജിൽ എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടിയാണ് ആദ്യ വനിതാ പൈലറ്റാകാൻ ഈ മിടുക്കി കുതിക്കുന്നത്. പൈലറ്റാകാൻ വേണ്ട അടിസ്ഥാന യോഗ്യതയ്ക്കുള്ള 13 പ്രിലിമിനിറി പരീക്ഷകളും മികവോടെ വിജയിച്ച് ലോകമൊട്ടാകെ അറിയപ്പെടുന്ന വെസ്റ്റ് സസെക്സിലെ ക്രൗളി എൽത്രി ഹാരിസ് എയർലൈൻ അക്കാദമിയിൽ പഠിക്കുന്നു . പൈലറ്റ് പരിശീലന യോഗ്യതനേടിയ ഐശ്വര്യ 18 വയസ്സ് തികയാൻ കാത്തിരിക്കുകയാണ് കോഴ്സ് പൂർത്തിയാക്കാൻ. മുപ്പതിലേറെ രാജ്യങ്ങളുമായി ക്യാമ്പസ് റിക്രൂട്ട്മെന്റ് കരാർ ഉള്ള കമ്പനിയായതിനാൽ ജോലിയും ഉറപ്പ് . ഗ്രൂപ്പ് അടിസ്ഥാനത്തിൽ കടുത്ത മത്സരമുണ്ടായിട്ടും പ്രവേശനപരീക്ഷയിലും വിവിധ ഇന്റർവ്യൂകളിലും അനായാസ വിജയം നേടി.
ഐശ്വര്യ പൈലറ്റായി കുപ്പായമിടുമ്പോൾ യുകെ മലയാളി സമൂഹത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന കിരീടവും ഈ പെൺകുട്ടിക്കൊപ്പം. ചേച്ചി അശ്വതി മുഴുവൻ വിഷയത്തിലും എ ഗ്രേഡോടെ ബൾഗേറിയയിൽ മെഡിസിന് അവസാന വർഷം പഠിക്കുന്നു . ബിജു ബാലചന്ദ്രനും കുടുംബവും 25 വർഷമായി യുകെയിലാണ് താമസം . അമ്മ രജിത തിരുവനന്തപുരം വർക്കല സ്വദേശിനിയാണ് .
Leave a Reply