ഏഴും നാലും വയസ്സുള്ള പിഞ്ചുകുട്ടികൾ നേരിട്ട ക്രൂരപീഡനത്തിനു മൂകസാക്ഷിയാണു കുമാരമംഗലത്തെ വീട്. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിന്റെ ഇടതു വശത്തുള്ള ചുമരിൽ ചോരത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. താഴത്തെ നിലയിലായിരുന്നു കുട്ടികളുമായി യുവതിയുടെയും അറസ്റ്റിലായ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിനെയും താമസം. ഒരുമാസം മുൻപാണ് ഇവിടെ താമസത്തിനെത്തിയത്. മുകൾനിലയിൽ താമസിച്ചിരുന്ന ദമ്പതികളുമായും അയൽവീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല.
രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാൻ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്കൽ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. മൂത്ത കുട്ടിക്കായിരുന്നു കൂടുതൽ മർദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതൽ സമനില തെറ്റുമ്പോൾ ഇളയ കുട്ടിയെയും മർദിക്കും. യുവതി തടയാൻ ശ്രമിച്ചാൽ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാൽ പുലർച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണു കാർ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുൻപു മങ്ങാട്ടുകവലയിലെ തട്ടുകടയിൽ യുവതിക്കും കുട്ടികൾക്കുമൊപ്പം ഇയാൾ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ സ്ഥലം വിട്ടു.
ഒന്നര മാസം മുൻപു ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ മൂത്ത കുട്ടിയുമായി റോഡരികിൽ നിന്ന് ആരെയോ ഫോണിലൂടെ അസഭ്യം പറയവേ നാട്ടുകാർ ഇടപെട്ടു. ഒരു യുവതി കാറോടിച്ചെത്തി. ഡോറിൽ 2 വട്ടം ആഞ്ഞിടിച്ച ശേഷം കുട്ടിയെ വലിച്ച് ഉള്ളിൽ കയറിയ ഇയാൾ, യുവതിയുടെ കരണത്തടിച്ചു. തുടർന്ന് സ്റ്റിയറിങ്ങിൽ കാലെടുത്തു വച്ചു. ജനം കൂടിയപ്പോൾ യുവതി വേഗത്തിൽ കാറോടിച്ചു പോയി. യുവതിയെ വീട്ടിൽ വച്ചും വഴിയിൽ വച്ചും അരുൺ മർദിക്കുന്നതിനു പലരും സാക്ഷികളാണ്. കുട്ടികളെ അനാഥാലയത്തിലോ ബോർഡിങ്ങിലോ ആക്കണമെന്നു അരുൺ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു.
ജോലി കളഞ്ഞ് ഗുണ്ടാജീവിതം; അപരനാമം ‘കോബ്ര’
തിരുവനന്തപുരം ∙ മാതാപിതാക്കൾ ബാങ്ക് ജീവനക്കാർ. സഹോദരൻ സൈന്യത്തിൽ. ഇതാണു തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിന്റെ (36) പശ്ചാത്തലം. കേന്ദ്രീയ വിദ്യാലയത്തിൽ പഠനം. ഡിഗ്രി പ്രൈവറ്റ് പഠനം പൂർത്തിയാക്കിയില്ല. സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനാൽ ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞ് ജോലി കളഞ്ഞു. പിന്നെ കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്നു മണൽ കടത്ത് തുടങ്ങി. ലഹരിമരുന്ന് ഇടപാടുകളിലും പങ്കാളിയായി. ‘കോബ്ര’ എന്നായി പേര്. മദ്യത്തിന് അടിമ. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. കൊലക്കേസ് ഉൾപ്പെടെ 7 കേസുകൾ. മറ്റു ജില്ലകളിൽ കേസുണ്ടോയെന്നും അന്വേഷിക്കുന്നു.
തുടർച്ചയായ ചോദ്യങ്ങളിൽ പതറി, എല്ലാം സമ്മതിച്ചു
ക്രൂര മർദനമേറ്റ് തല പൊട്ടിയ എഴുവയസ്സുകാരനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസിന്റെ ഒറ്റ ചോദ്യമാണു അരുൺ ആനന്ദിനെ കുടുക്കിയത്. ‘കുട്ടിയുടെ പേരെന്ത് ?’ അപ്പു എന്നാണു വീട്ടിൽ വിളിക്കുന്നതെന്നും യഥാർഥ പേര് ഓർമയില്ലെന്നും ചോദിച്ചു പറയാമെന്നും മറുപടി. മൂക്കറ്റം മദ്യപിച്ച നിലയിലുമായിരുന്നു. രക്ഷിതാക്കളെന്നാണ് അരുണും യുവതിയും ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്. കുട്ടി കളിക്കുന്നതിനിടെ വീണു തല പൊട്ടിയതാണെന്നും പറഞ്ഞെങ്കിലും സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു.
യുവതിയുടെ ചുണ്ടിലെ മുറിവും കരണത്തടിയേറ്റ പാടുകളും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയുടെ പേര് ചോദിച്ചപ്പോഴുള്ള പ്രതികരണം കൂടി കണ്ടതോടെ സംശയം കൂടി. ഇയാൾ ആശുപത്രിക്കുള്ളിലേക്കു കയറാതെ കാറിൽ സിഗററ്റ് വലിച്ചിരിക്കുകയായിരുന്നുവെന്ന കാര്യവും സുരക്ഷാ ജീവനക്കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ യുവതി കയർത്തതും പൊലീസിന് അസ്വാഭാവികമായി തോന്നി.
നില അതീവ ഗുതുരതമാണെന്നതിനാൽ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. യുവതി ആംബുലൻസിൽ കയറിയെങ്കിലും ഒപ്പം കയറാതെ കാറിൽ വന്നോളാമെന്നായി അരുൺ. ഇതിന്റെ പേരിൽ പൊലീസും ഇയാളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. പൊലീസുകാരിലൊരാൾ കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം അരുണിനെ ആംബുലൻസിന്റെ മുൻസീറ്റിലിരുത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ പൊലീസുകാർ കുമാരമംഗലത്തെ വീട്ടിലെത്തി. വാതിൽ തുറന്നു കിടക്കുകയായിരുന്നു.മുറിക്കുള്ളിൽ നിലത്തും ഭിത്തിയിലും രക്തത്തുള്ളികൾ. വീടു പൂട്ടി സീൽ ചെയ്ത ശേഷം കോലഞ്ചേരിയിലെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് അരുണിനെ നിരീക്ഷിക്കാൻ നിർദേശിച്ചു. പുത്തൻകുരിശ് സ്റ്റേഷനിലെ 2 പൊലീസുകാരെയും ആശുപത്രിയിലേക്കു വിട്ടു.
തന്നെ മർദിച്ച വിവരം 4 വയസ്സുള്ള കുട്ടി ഇതിനിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തുടർന്നാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. കാറിൽ നിന്നു കിട്ടിയത് 9 പാസ് ബുക്കുകളും മദ്യക്കുപ്പിയും മറ്റും. ആംബുലൻസിൽ കുട്ടികളെ കയറ്റിവിട്ട ശേഷം യുവതിയുമായി കാറിൽ മുങ്ങാനായിരുന്നു അരുണിന്റെ നീക്കമെന്നു പൊലീസ് പറയുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷവും അരുണിനു കാര്യമായ കുലുക്കമുണ്ടായിരുന്നില്ല. സെല്ലിലെ തറയിലിരുന്ന ഇയാൾ പൊലീസ് പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ചു. ഭക്ഷണം നൽകിയപ്പോൾ കൃത്യമായി വാങ്ങിക്കഴിച്ചു. ആദ്യ ചോദ്യങ്ങൾക്ക് ‘ഒന്നും ഓർമയില്ല’ എന്നായിരുന്നു ഉത്തരം. തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ച് പൊലീസ് സമ്മർദത്തിലാക്കിയതോടെ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. മുൻപും കുട്ടിയെ മർദിക്കാറുണ്ടായിരുന്നെന്ന കാര്യം ഉൾപ്പെടെ സമ്മതിച്ചു. ഡിവൈഎസ്പി കെ.പി. ജോസ്, സിഐ അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വാടക വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ, ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ മറ്റൊരു ദമ്പതികളും
കുമാരമംഗലത്തെ ഇരുനില വീട്ടിലെ ചുമരുകൾക്ക് നാവുകളുണ്ടായിരുന്നുവെങ്കിൽ 7 വയസുകാരനും 4 വയസുകാരനും അനുഭവിച്ച പീഡനങ്ങൾ അക്കമിട്ടു നിരത്തുമായിരുന്നു. ഇരു നില വീടിന്റെ താഴത്തെ നിലയിലെ മുറിയുടെ ചുമരിൽ തെറിച്ച ചോരത്തുള്ളികൾക്ക് 3 ദിവസത്തെ ആയുസു മാത്രം. കൊടിയ മർദന കഥകളുടെ ചുരുളഴിക്കഴിക്കുകയാണ് സംഭവം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകള്‍.
മെയിൻ റോഡിൽ നിന്നു 50 മീറ്റർ അകലെയാണു കുട്ടികളുടെ വീട്. ഒരു മാസം മുൻപാണ് തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. മുകൾ നിലയിൽ ദമ്പതികളായിരുന്നു താമസിച്ചിരുന്നത്. 7 വയസുകാരനെ അരുൺ ക്രൂരമായി മർദിച്ച വ്യാഴാഴ്ച ദിവസം, ദമ്പതികൾ സ്ഥലത്തില്ലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഉടുമ്പന്നൂർ സ്വദേശി യുവതിയും 2 മക്കളുമാണു അരുൺ ആനന്ദിനൊപ്പം താഴത്തെ നിലയിൽ താമസിച്ചിരുന്നത്. അരുണും യുവതിയും അടുത്ത വീട്ടുകാരോട് സംസാരിക്കാറില്ലായിരുന്നു. ഒന്നാം നിലയിലുള്ളവരുമായും ഇവർക്ക് ബന്ധമില്ലായിരുന്നു. 2 കുട്ടികളെയും അരുൺ ക്രൂരമായി മർദിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നു. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പു പിടിയുള്ള വടിയും കുട്ടികളെ അടിക്കാൻ ഉപയോഗിച്ചിരുന്നു. ഇരുമ്പു പിടി മുറിഞ്ഞ നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മൂത്ത കുട്ടിയെയാണു അരുൺ ക്രൂര മർദനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ വാ പൊത്തിപ്പിടിച്ചായിരുന്നു മർദനം. ദേഷ്യം വരുമ്പോൾ ഇളയ കുട്ടിയെയും മർദിക്കും. മൂത്ത കുട്ടിയുടെ ശരീരത്തിൽ സിഗററ്റു കുറ്റി കൊണ്ടു കുത്തി പൊള്ളിക്കുന്നതും പതിവ്. മൂത്ത കുട്ടിയെ കൊണ്ട് വീട്ടു ജോലികളും ഇയാൾ ചെയ്യിക്കും. കുട്ടികളെ മർദിക്കുന്നത് തടയാൻ യുവതി ശ്രമിച്ചാൽ കരണത്തടിക്കുകയും തൊഴിക്കുന്നതും പതിവാണെന്നും പൊലീസ് പറഞ്ഞു. ക്രൂരമർദനമായതിനാൽ ഇക്കാര്യങ്ങളൊന്നും യുവതി പുറത്തു പറഞ്ഞിരുന്നില്ല.
റാസ്കൽ എന്നാണു ഇയാൾ കുട്ടികളെ വിളിച്ചിരുന്നത്. രാത്രിയിൽ കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തിറങ്ങുന്ന ഇയാൾ, പുലർച്ചെയാണു തിരികെ വീട്ടിലെത്തുന്നത്. മദ്യപിച്ചു ലക്കു കെട്ട സ്ഥിതിയിലാണു പലപ്പോഴും അരുണിനെ കാണുന്നത്. യുവതിയാണു കാർ ഡ്രൈവ് ചെയ്യുന്നത്. ചില ദിവസങ്ങളിൽ കുട്ടികളെ പുറത്തു കൊണ്ടു പോയി തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങി നൽകും. ഒരു മാസം മുൻപു മങ്ങാട്ടുകവലയിലെ ഒരു തട്ടുകടയിൽ യുവതിക്കും കുട്ടികൾക്കുമൊപ്പം ഇയാൾ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ ഇയാൾ അസഭ്യം പറയുകയും, അടിക്കാനായി കയ്യോങ്ങുകയും ചെയ്തു. നാട്ടുകാർ വിവരങ്ങൾ ചോദിക്കാൻ അടുത്തു കൂടിയതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു.
Leave a Reply