തൊടുപുഴ: കന്പകക്കാനം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ തൊടുപുഴ മുട്ടം ഒന്നാംക്ലാസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസാണ് രണ്ടായിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം സമർപ്പിച്ചത്. വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പിൻഭാഗത്തെ കുഴിയിൽ മൂടിയെന്നാണ് കേസ്.
കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ് (30) സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു (28), തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ് (28) , മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് (30) എന്നിവരാണ് ഒന്നു മുതൽ നാലു വരെ പ്രതികൾ. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊലപാതകം, മോഷണം , ഭവനഭേദനം , തെളിവു നശിപ്പിക്കൽ എന്നിവയ്ക്കു പുറമെ സുശീലയുടെയും ആർഷയുടെയും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന പേരിൽ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങളും പണവും അപഹരിക്കുന്നതോടൊപ്പം മന്ത്രവാദക്രിയകൾ നടത്തിയിരുന്ന കൃഷ്ണന്റെ പക്കലുള്ള താളിയോലകൾ സ്വന്തമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിയ്ക്കാനും ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരെയുള്ള കുറ്റം. കളവുമുതൽ വിൽക്കാൻ സഹായിച്ചെന്നാണ് നാലാം പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൃഷ്ണനോട് വൈരാഗ്യമുണ്ടായിരുന്ന അനീഷ് മോഷണ മുതൽ വീതിച്ചു നൽകാമെന്ന വാഗ്ദാനം ചെയ്താണ് ലിബീഷിനെ കൃത്യത്തിൽ പങ്കാളിയാക്കിയത്.
Leave a Reply