സ്വന്തം മകള്‍ക്ക് ഒരു നല്ല കാലം വന്നപ്പോള്‍ അത് ഉപയോഗിച്ച് എങ്ങനെയും പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മെഗാന്റെ പിതാവ് തോമസ്‌ മെര്‍ക്കല്‍. ഹാരി രാജകുമാരന്റെ കൈപിടിച്ച് രാജകുടുംബത്തിലേക്ക് പ്രവേശിക്കുന്ന മെഗാന്‍ മെര്‍ക്കലിന്റെ ചെയ്തികള്‍ മെഗാനും രാജകുടുംബത്തിനും മാനക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. പാപ്പരാസികള്‍ ഭാവി അമ്മയച്ഛന്റെ പിന്നാലെ കൂടുന്നത് ഒഴിവാക്കണമെന്ന് ഹാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാപ്പരാസികളുമായി ഒത്തുചേര്‍ന്ന് മെഗാന്റെ പിതാവ് തന്നെ ഫോട്ടോഷൂട്ടുകള്‍ നടപ്പാക്കുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വീഡിയോ സഹിതം പുറത്തുവരുന്നത്.

അടുത്ത ശനിയാഴ്ച വിന്‍ഡ്‌സര്‍ കാസിലില്‍ മകളുടെ കൈപിടിച്ച് കൊടുക്കേണ്ട തോമസ് മാര്‍ക്കിള്‍ ഇന്റര്‍നെറ്റ് കഫെ സന്ദര്‍ശിക്കുന്നതും, തയ്യല്‍ക്കാരന്റെ അരികില്‍ കോട്ടിന് അളവെടുക്കുന്നതുമായ സംഭവങ്ങളെല്ലാം മനഃപ്പൂര്‍വ്വം സൃഷ്ടിച്ച സംഭവങ്ങളാണെന്നാണ് വിവരം. ബ്രിട്ടീഷ് പാപ്പരാസി ഫോട്ടോഗ്രാഫര്‍ക്കൊപ്പം ചേര്‍ന്നുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ലോകത്തിലെ വിവിധ മാധ്യമങ്ങള്‍ക്ക് 1 ലക്ഷം പൗണ്ടിന് വില്‍ക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് കഫെയില്‍ ഫോട്ടോഗ്രാഫര്‍ ജെഫ് റെയ്‌നര്‍ക്കൊപ്പം എത്തുന്ന 73-കാരനായ തോമസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് നാണക്കേടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മകളെയും, ഹാരി രാജകുമാരനെയും കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റ് കഫെയിലിരുന്ന് വായിക്കുന്ന തോമസ് മാര്‍ക്കിളിന്റെ ചിത്രങ്ങളായാണ് ഈ സംഭവം നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഇത് വെറും അഭിനയം ആയിരുന്നെന്ന് സിസിടിവി ദൃശ്യങ്ങള്‍ സ്ഥിരീകരിക്കുന്നു. പാപ്പരാസികള്‍ മെഗാന്റെ പിതാവിനെ ശല്യം ചെയ്യുന്നതിനെതിരെ കെന്‍സിംഗ്ടണ്‍ കൊട്ടാരം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് തോമസ് ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നതായി വ്യക്തമായത്. ഫോട്ടോ എടുക്കുന്നതൊന്നും താന്‍ അറിഞ്ഞിട്ടേയില്ലെന്ന തരത്തിലാണ് ചിത്രങ്ങളില്‍ മെഗാന്റെ പിതാവ് കാണപ്പെടുന്നത്. എന്നാല്‍ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഇവയെല്ലാമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

വിവാഹത്തിനുള്ള സ്യൂട്ട് തയ്ക്കാന്‍ അളവെടുക്കുന്ന ചിത്രങ്ങളും ലോകം കണ്ടതാണ്. ഇതിനുള്ള ടേപ്പ് വരെ ഫോട്ടോഗ്രാഫര്‍ എത്തിച്ചതാണെന്നാണ് വിവരം. ഇനിയും ഏറെ നാണക്കേടുകള്‍ സംഭവിക്കും മുന്‍പ് വിവാഹം എങ്ങിനെയെങ്കിലും കഴിഞ്ഞാല്‍ മതിയെന്ന അവസ്ഥയിലാണ് മെഗാനും, ഹാരിയും!