ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലേക്ക് വിസിറ്റിംഗ് വിസയിൽ മാതാപിതാക്കളെ കൊണ്ടുവരുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് ഇൻഷുറൻസ് മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇൻഷുറൻസ് എടുക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം, ചികിത്സാ ചെലവിനുള്ള ഇൻഷുറൻസ് ക്ലെയിം കമ്പനി നിരസിക്കാനിടയുണ്ടെന്ന് അവർ പറയുന്നു. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ പഴയ രോഗചരിത്രം മറച്ചാൽ ഇൻഷുറൻസ് സാധുത ഇല്ലാതാകും.

യുകെയിൽ എത്തിയ ഒരു മലയാളിയുടെ അമ്മയ്ക്ക് അടുത്തിടെ സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു . കുടുംബം ഇൻഷുറൻസ് കമ്പനിയോട് ക്ലെയിം ഉന്നയിച്ചെങ്കിലും മുൻ ആരോഗ്യവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന കാരണത്താൽ അത് കമ്പനി തള്ളുകയായിരുന്നു. തുടർന്ന് എൻ എച്ച് എസ് അയച്ച ആയിരക്കണക്കിന് പൗണ്ട് വിലയുള്ള ബിൽ കുടുംബം നേരിട്ട് അടയ്ക്കേണ്ടിവന്നു.

പ്രതിവർഷം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് മാതാപിതാക്കൾ ആണ് മക്കളുടെ ഒപ്പം താമസിക്കാനായി യുകെയിലേക്ക് എത്തുന്നത് . യാത്രയ്ക്കു മുൻപ് ട്രാവൽ ഇൻഷുറൻസ് വിശദമായി വായിക്കുകയും, എല്ലാ ആരോഗ്യവിവരങ്ങളും സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്യണമെന്നതാണ് ഈ ഘട്ടത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് . ഇൻഷുറൻസ് എടുക്കുമ്പോൾ “മുൻ രോഗാവസ്ഥകൾ ഉൾപ്പെടുന്ന പ്ലാൻ” തിരഞ്ഞെടുക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം.











Leave a Reply