ന്യൂസ് ഡെസ്ക് മലയാളം യുകെ
ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് അവധി ആഘോഷങ്ങൾക്കായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാര സ്ഥലങ്ങളിൽ ബുക്ക് ചെയ്തിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം തകിടംമറിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇപ്പോൾ വേനൽക്കാല അവധി ആഘോഷങ്ങൾക്കായി പദ്ധതി തയ്യാറാക്കരുതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിൻെറ പ്രസ്താവനയാണ് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ അവധിക്കാല സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയത് . തങ്ങളുടെ പദ്ധതികൾ പുനഃക്രമീകരിക്കുകയോ റീഫണ്ടുകൾക്കായി ശ്രമിക്കുകയോ ചെയ്യുക എന്നതാണ് ഇനി പലരുടെയും മുമ്പിലുള്ള പോംവഴി . പക്ഷേ ഇതിനോട് കമ്പനികൾ ഇങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
ഈ വർഷം 2.8 ദശലക്ഷം ആളുകൾ അവധി ദിനങ്ങളിൽ യാത്രകൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. ആംഗ്ലോ ജർമൻ മൾട്ടിനാഷണൽ ട്രാവൽ ആൻഡ് ടൂറിസം കമ്പനി ആണ് കണക്കുകൾ പുറത്തുവിട്ടത് . ഇവരിൽ പകുതിയിൽ അധികവും ബ്രിട്ടീഷുകാരാണ്. ലോക്ക്ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ 14 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും ജെറ്റ് 2 ഇന്നലെ റദ്ദാക്കിയിരുന്നു. യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ജെറ്റ്2 അറിയിച്ചു. പല യാത്രകളും കഴിഞ്ഞ വർഷം കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് തുടർന്ന് പുനർക്രമീകരിക്കപ്പെട്ടതോ അതുമല്ലെങ്കിൽ ഈസ്റ്ററോടെ ജീവിതം സാധാരണനിലയിലേയ്ക്ക് എത്തിയേക്കുമെന്ന മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്ന് ബുക്ക് ചെയ്‌തതുമാണ് .
Leave a Reply