ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ന്യായമായ കാരണങ്ങൾ ഇല്ലാതെ തിങ്കളാഴ്ച മുതൽ യുകെ വിടുന്നവർ 5000 പൗണ്ട് പിഴ നൽകേണ്ടി വരും. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്തോടെ വേനലവധിക്കാലവും ഭീഷണിയിൽ ആയിരിക്കുകയാണ്. ജൂൺ അവസാനം വരെയാണ് ഈ നിയന്ത്രണങ്ങൾ നിലനിൽക്കുക. ചാനൽ ദ്വീപുകൾ, ഐൽ ഓഫ് മാൻ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് യാത്രാ നിരോധനം ബാധകമല്ല. ജോലി, പഠനം, നിയമപരമായ ബാധ്യതകൾ അല്ലെങ്കിൽ വോട്ടുചെയ്യാൻ യാത്ര ചെയ്യേണ്ടവർ, അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ പോകുന്നവർ, വീട് മാറി താമസിക്കുന്നവർ തുടങ്ങിയ ന്യായമായ ആവശ്യങ്ങൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ മൂന്നാമത്തെ തരംഗം യൂറോപ്പിലുടനീളം വ്യാപിക്കുന്നതിനാൽ വിദേശ വേനൽക്കാല അവധിദിനങ്ങൾ ആശങ്കയിലാണ്.
ആഴ്ചാവസാനത്തോടെ ഹോട്ടൽ ക്വാറന്റീൻ ആവശ്യമുള്ള രാജ്യങ്ങളുടെ ‘റെഡ് ലിസ്റ്റിൽ’ ഫ്രാൻസിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദ കേസുകളുടെ വർദ്ധനവ് ആരോഗ്യ ഉദ്യോഗസ്ഥരെ കൂടുതൽ ആശങ്കപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ വേനൽക്കാലത്തിന്റെ അവസാനം വരെ വിദേശയാത്രകൾ സാധ്യമായേക്കില്ല. യാത്രാ വിലക്ക് എങ്ങനെ, എപ്പോൾ നീക്കംചെയ്യാമെന്ന് ഏപ്രിൽ 12 നകം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു.
യാത്രാ നിയന്ത്രണങ്ങൾ നീട്ടുന്നത് ടൂറിസമേഖലയിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളെ രൂക്ഷമായി ബാധിക്കുമെന്ന് ടോറി എംപിമാരുടെ കമ്മിറ്റി ചെയർമാൻ സർ എബ്രഹാം ബ്രാഡി പറഞ്ഞു. നിലവിൽ യൂറോപ്പിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ മൂന്നാമത്തെ ബ്രിട്ടനിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഫ്രാൻസിനെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതോടെ മടങ്ങിവരുന്ന ബ്രിട്ടീഷ് പൗരന്മാർ അവരുടെ സ്വന്തം ചെലവിൽ അംഗീകൃത ഹോട്ടലിൽ ഒറ്റപ്പെടേണ്ടി വരും. മാത്രമല്ല നേരിട്ടുള്ള ഫ്ലൈറ്റുകളും നിർത്തലാക്കും. പലവിധ നിയന്ത്രണങ്ങളിലൂടെ കടന്നുപോയ ഒരു വർഷത്തിന് ശേഷവും വൈറസ് വ്യാപനത്തിൽ വലിയ മാറ്റം ഉണ്ടാവാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
Leave a Reply