ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പ്രൈമറി ജോലിക്ക് പുറമേ, മറ്റെന്തെങ്കിലും ജോലി ചെയ്ത് അധിക വരുമാനം സമ്പാദിക്കുന്നവരാണ് ജനങ്ങളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ സമ്പാദിക്കുന്നവർക്ക് മേലെ അന്വേഷണ ദൃഷ്ടിയുമായി എത്തിയിരിക്കുകയാണ് എച്ച് എം ആർ സി. ഓൺലൈൻ മാർക്കറ്റ് സൈറ്റുകളിൽ നിന്നും അധിക വരുമാനം ഉണ്ടാക്കുന്നവരിൽ നിന്നും ടാക്സ് ഈടാക്കാനാണ് എച്ച് എം ആർ സി യുടെ പുതിയ നീക്കം. സമ്പാദിക്കുന്ന വരുമാനം 1000 പൗണ്ടിന് മുകളിലാണെങ്കിൽ ആണ് ടാക്സിന്റെ പരിധിയിൽ ഉൾപ്പെടുക. ഈ വർഷം ജനുവരി 1 മുതൽ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം, ആമസോൺ, ഇബേ, ഡെപ്പോപ്, വിന്റഡ്, എയർബി എൻബി തുടങ്ങിയ സൈറ്റുകളിൽ നിന്നും പണം സമ്പാദിക്കുന്നവരെ നിരീക്ഷിക്കുവാനാണ് എച്ച്എം ആർ സി തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സൈറ്റുകളിൽ എത്തുന്നവർ എത്ര വരുമാനം ഉണ്ടാക്കുന്നു എന്ന് അതാത് സൈറ്റുകൾ തന്നെ രേഖപ്പെടുത്തണമെന്നും, അത് ടാക്സ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുണ്ട്.
എച്ച് എം ആർ സിക്ക് ഇത്തരം ഓൺലൈൻ സൈറ്റുകൾ നൽകുന്ന വിവരങ്ങൾ അതാത് വ്യക്തിയുടെ സെൽഫ് അസിസ്റ്റന്റ് റിപ്പോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടൻതന്നെ നടപടി ഉണ്ടാകുമെന്നാണ് എച്ച് എം ആർ സി അറിയിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കായി ഏകദേശം 37 മില്യൺ പൗണ്ടാണ് എച്ച് എം ആർ സി ചെലവഴിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. വ്യക്തികൾക്ക് അവരുടെ പ്രൈമറി ജോലിക്കൊപ്പം മറ്റേത് ജോലിയിലും ഏർപ്പെട്ട് അധിക വരുമാനം സമ്പാദിക്കാം. എന്നാൽ ഇത്തരത്തിൽ സമ്പാദിക്കുന്ന തുക ആയിരം പൗണ്ടിന് മുകളിലാണെങ്കിൽ, സ്വയം തൊഴിൽ ചെയ്യുന്നവരായി രജിസ്റ്റർ ചെയ്ത് ഈ തുകയ്ക്ക് നികുതി അടയ്ക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാതെ അധിക വരുമാനം ഉണ്ടാക്കുന്നവരെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച് എം ആർ സി പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Leave a Reply