ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമിത വണ്ണവുമായി ബുദ്ധിമുട്ടുന്നവർക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായ വെഗോവി (സെമഗ്ലൂറ്റൈഡ്) ഇപ്പോൾ എൻഎച്ച്എസിൽ ലഭ്യമാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസം മുതലാണ് ഈ മരുന്ന് എൻഎച്ച്എസ് ആവശ്യക്കാർക്ക് ലഭ്യമാക്കി തുടങ്ങിയത്. 30- ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് ഉള്ളവരും രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ആയവർക്ക് ഈ മരുന്ന് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻ്റ് കെയർ എക്സലൻസ് (NICE) ഈ മരുന്നിന്റെ ഉപയോഗത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. ആവശ്യക്കാർക്ക് പരമാവധി രണ്ട് വർഷത്തെ ഉപയോഗമാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളിൽ ഹൃദയാഘാതം കുറയ്ക്കാനും ഈ മരുന്നിന് കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.


എന്നാൽ അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ ചികിത്സ നിഷേധിക്കപ്പെടുന്ന തായുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മരുന്നിന്റെ ലഭ്യതയാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചികിത്സ ലഭിക്കാനായി ഏകദേശം 13500 പേരാണ് കാത്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ 800 പേർക്ക് മാത്രമേ സേവനങ്ങൾ ലഭിച്ചുള്ളൂ എന്നാണ് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നത്. അതായത് യോഗ്യരായവരിൽ ഏകദേശം 6 ശതമാനം പേർക്ക് മാത്രമേ ചികിത്സ ലഭിച്ചിട്ടുള്ളൂ എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ പലരും അമിതവണ്ണം മൂലമുള്ള പല ശാരീരിക രോഗാവസ്ഥകൾ നേരിടുന്നവരാണ്. വെഗോവി ചികിത്സ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ആളുകൾക്ക് അവരുടെ ശരീരഭാരത്തിൻ്റെ ശരാശരി 15% കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു . ഉയർന്ന തോതിൽ ആഗോള തലത്തിലുള്ള ആവശ്യം കാരണം മരുന്നിന്റെ ലഭ്യതയിലുള്ള കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.