ന്യൂസ് ഡെസ്ക്, മലയാളം യുകെ

തപാൽ ബാലറ്റ് സമയത്തിന് ലഭിക്കാതിരുന്നത് മൂലം തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കകളുമായി ഒട്ടേറെ പേർ രംഗത്ത് വന്നു. യുകെയിലും വിദേശത്തുമുള്ള നിരവധി പേർക്കാണ് സമയത്തിന് തപാൽ ബാലറ്റുകൾ ലഭിക്കുന്നതിൽ വീഴ്ച സംഭവിച്ചിരിക്കുന്നത്. യഥാസമയം തപാൽ ബാലറ്റുകൾ എത്തിക്കാൻ ഉണ്ടായ കാലതാമസം, ബ്രെക്സിറ്റിന്റെ ഭാഗമായി വിദേശത്തേക്ക് കയറ്റി അയക്കുന്ന സാധനങ്ങൾക്ക് ഉണ്ടാകുന്ന സ്വാഭാവിക നടപടിക്രമങ്ങളുടെ നൂലാമാലകൾ എന്നിവയാണ് ബാലറ്റ് അർഹിക്കുന്നവർക്ക് യഥാസമയം എത്തിച്ചേരാൻ സാധിക്കാത്തതിന്റെ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.


തൻറെ വോട്ട് കൃത്യസമയത്ത് നൽകാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ഇറ്റലിയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരയായ ക്ലാരിസ കിൽവിക്ക് പറഞ്ഞു. തപാൽ വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ നേരിട്ട് വോട്ട് ചെയ്യാൻ യുകെയിലേക്ക് പോകുമെന്ന് അവൾ പറഞ്ഞു. ക്ലാരിസ കിൽവിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പേരാണ് സമാനമായ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിയന്നയിൽ താമസിക്കുന്ന മൈക്കൽ ഗോർഡ്സൺ ലണ്ടനിലെ ഹാക്ക്നി കൗൺസിലിൽ വോട്ടുള്ള ആളാണ്. ജൂൺ 17 ന് അദ്ദേഹത്തിൻറെ ബാലറ്റ് പോസ്റ്റ് ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചതാണ്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ബാലറ്റ് എത്താത്തതിൽ താൻ ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 14 വർഷമായി പീറ്റർ മൂർ ഫ്രാൻസിൽ നിന്ന് പോസ്റ്റൽ വോട്ടാണ് ചെയ്യുന്നത്. എന്നാൽ ഈ പ്രാവശ്യം അദ്ദേഹത്തിന് പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ല. ബ്രെക്സിറ്റിന് മുമ്പ് യുകെയും ഫ്രാൻസും തമ്മിൽ കത്തുകൾ ലഭിക്കാൻ രണ്ടോ മൂന്നോ ദിവസം മാത്രമേ സമയം എടുത്തിരുന്നുള്ളൂ. എന്നാൽ ബ്രെക്സിറ്റിനു ശേഷം കത്തുകൾ ലഭിക്കുന്നതിനുള്ള കാലാവധി ഒരാഴ്ചയിൽ കൂടിയതായി പീറ്റർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്ന സമയത്ത് തപാൽ വോട്ടുകൾ യഥാസമയം ലഭിക്കില്ലെന്നതിൽ തനിക്ക് കടുത്ത ആശങ്ക ഉണ്ടെന്ന് ബ്രിട്ടീഷ് ഓവർസീസ് വോട്ടേഴ്‌സ് ഫോറത്തിൻ്റെ ചെയർമാനും ബാങ്കോക്കിലെ താമസിക്കാരനുമായ ബ്രൂസ് ഡാറിംഗ്ടൺ പറഞ്ഞു.