സ്വന്തം ലേഖകൻ

ലണ്ടൻ : യൂറോപ്യൻ വംശീയ അധിനിവേശത്തിന്റെ പ്രതീകങ്ങളായ പ്രതിമകൾ നീക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലണ്ടനിൽ കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ നടക്കാനിരിക്കുകയാണ്. സുരക്ഷാമുൻകരുതലിന്റെ ഭാഗമായി മഹാത്മാഗാന്ധി, വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ പ്രതിമ മൂടികെട്ടുകയുണ്ടായി. ചർച്ചിലിന്റെ പ്രതിമയ്ക്ക് മുമ്പിൽ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. പ്രകടനങ്ങൾ ഒഴിവാക്കാൻ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ആയിരക്കണക്കിന് പ്രതിഷേധക്കാർ ലണ്ടനിൽ തടിച്ചുകൂടിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് എല്ലാ പരിപാടികളും വൈകുന്നേരം 5 മണിക്ക് അവസാനിപ്പിക്കണമെന്ന നിയമം നിലവിൽ വന്നു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടലുകൾ ഉണ്ടാകുമെന്ന ഭയത്തെത്തുടർന്ന് ഇന്ന് ആസൂത്രണം ചെയ്ത ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രകടനം ഒരു ദിവസം മുന്നോട്ട് നീക്കിവയ്ക്കുകയുണ്ടായി. വാരാന്ത്യത്തിൽ ആസൂത്രണം ചെയ്ത വംശീയ വിരുദ്ധ റാലികളിൽ പങ്കെടുക്കരുതെന്ന് സംഘാടകർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എങ്കിലും മറ്റ് പ്രകടനക്കാർ വൈറ്റ്ഹാളിലെ യുദ്ധ സ്മാരകത്തിനും പാർലമെന്റ് സ്ക്വയറിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്കും മുന്നിലും തടിച്ചുകൂടിയിട്ടുണ്ട്. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്ക് മുമ്പിൽ ഇന്ന് 150ഓളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. വലതുപക്ഷ പ്രസ്ഥാനമായ ഡെമോക്രാറ്റിക് ഫുട്ബോൾ ലാഡ്സ് അലയൻസ് (എഫ്എൽ‌എ), തീവ്ര വലതുപക്ഷ ഇസ്ലാമോഫോബിക് ഓർഗനൈസേഷൻ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്നീ ഗ്രുപ്പുകളാണ് പ്രതിമയ്ക്ക് കാവൽ നില്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടീഷ് ചരിത്രത്തിന്റെ ചിഹ്നങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ ലണ്ടനിലെത്തിയതെന്ന് വലതുപക്ഷ പ്രവർത്തകരും ഫുട്ബോൾ പിന്തുണക്കാരായ ഗ്രൂപ്പുകളും പറഞ്ഞു. പ്രകടനക്കാരിൽ ബ്രിട്ടൻ ഫസ്റ്റ് എന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പിന്റെ നേതാവ് പോൾ ഗോൾഡിംഗും ഉൾപ്പെടുന്നു. പകർച്ചവ്യാധി മൂലം തലസ്ഥാനത്ത് നടക്കുന്ന പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്ന് നേരത്തെ പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ നിർദ്ദേശങ്ങൾ അവഗണിച്ച് ആളുകൾ തടിച്ചുകൂടിയതിനാലാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നത്. കഴിഞ്ഞ ആഴ്ചയിലെ പ്രതിഷേധത്തിനിടയിൽ 27 പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

അതേസമയം ചർച്ചിൽ പ്രതിമ മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടിവരുമെന്ന് അദേഹത്തിന്റെ ചെറുമകൾ എമ്മ സോംസ് അഭിപ്രായപ്പെട്ടു. യുദ്ധകാലത്തെ പ്രധാനമന്ത്രിയെ ദശലക്ഷക്കണക്കിന് ആളുകൾ വീരനായി കണക്കാക്കുന്നുവെന്ന് അവർ പറയുകയുണ്ടായി. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രതിമയിൽ “വംശീയവാദിയെന്ന്” പ്രക്ഷോഭകർ എഴുതി. പ്രതിമ മൂലം ആളുകൾ വളരെയധികം പ്രകോപിതരാണെങ്കിൽ അത് ഒരു മ്യൂസിയത്തിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്നും എമ്മ അറിയിച്ചു. പ്രതിമ നശിപ്പിച്ചതിന് ശേഷം താൻ അസ്വസ്ഥനാണെന്ന് ചർച്ചിലിന്റെ ചെറുമകൻ നിക്കോളാസ് സോംസ് പറഞ്ഞു. 1874 നവംബർ 30 നും 1965 ജനുവരി 24 നും ഇടയിൽ ജീവിച്ചിരുന്ന വിൻസ്റ്റൺ ചർച്ചിൽ പലപ്പോഴും ബ്രിട്ടനിലെ എക്കാലത്തെയും മികച്ച വ്യക്തികളിൽ ഒരാളായി അറിയപ്പെടുന്നു. എന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം അദ്ദേഹം വിവാദപരമായ വ്യക്തിത്വത്തിന് ഉടമയാണ്. അഡോൾഫ് ഹിറ്റ്ലറെയും നാസി പാർട്ടിയെയും പരാജയപ്പെടുത്തുന്നതിൽ ചർച്ചിൽ നിർണായക പങ്കുവഹിച്ചുവെങ്കിലും നിരവധി വംശീയ വീക്ഷണങ്ങൾ വെച്ചുപുലർത്തിയ നേതാവായിരുന്നു അദ്ദേഹം എന്ന് ആരോപണങ്ങൾ ഉണ്ട്.