ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ആരോഗ്യ മേഖല പൂർണമായും കോവിഡ് കേന്ദ്രീകൃത പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്ക്കുമ്പോൾ, കോവിഡ് ഇതര മരണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജൂലൈ മാസം തുടക്കംമുതൽ തന്നെ, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ തോത് വർദ്ധിക്കുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് തണുപ്പ് മൂലവും, മറ്റ് ഇൻഫെക്ഷനുകൾ മൂലവും മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇത്തരമൊരു വേനൽക്കാലത്ത് ഇത് അസാധാരണമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഭൂരിഭാഗം മരണങ്ങളും കൃത്യസമയത്ത് രോഗാവസ്ഥ കണ്ടുപിടിക്കാതെ വന്നതിനാലാണ്. കഴിഞ്ഞ ആഴ്ച ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ, 2019 നേക്കാൾ 23 മില്യൺ കുറവ് കൺസൾട്ടേഷനുകൾ മാത്രമാണ് 2020 ൽ നടന്നതെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ രോഗനിർണയത്തിനും കാര്യമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ക്രോണിക് ഒബ് സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ( സി ഒ പി ഡി ) നിർണയിക്കപ്പെടുന്നത് 51% ആയും, ഹാർട്ട് ഫെയില്യർ 20% ആയും കുറഞ്ഞിട്ടുണ്ട്.


ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ രണ്ടു മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 9619 അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 48 ശതമാനത്തോളവും കോവിഡ് മൂലമുള്ള മരണങ്ങളല്ല എന്നത് ആശങ്കാജനകമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻ എച്ച് എസ്‌ പൂർണമായി കോവിഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരെ അപകടത്തിലാക്കുമെന്ന് വിവിധ ചാരിറ്റി സംഘടനകൾ വ്യക്തമാക്കിയിരുന്നു. 18 മാസത്തോളം ചികിത്സകൾക്കുള്ള കാലതാമസം വന്നതാണ് ഇപ്പോൾ മരണ നിരക്ക് വർദ്ധിക്കുന്നതിന് കാരണമായിരിക്കുന്നത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗവൺമെന്റ് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.