ലണ്ടന്‍: ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ബാധിച്ച ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എന്‍എച്ച്എസ് ചികിത്സ നിഷേധിക്കുന്നു. ഹൃദ്‌രോഗത്തിനും അര്‍ബുദത്തിനും ചികിത്സ തേടിയെത്തുന്ന നിരവധി പേര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നാണ് എന്‍എച്ച്എസ് ചട്ടങ്ങള്‍ പറയുന്നത്. ഈ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. രേഖകളില്ലെങ്കിലും അഭയാര്‍ത്ഥികള്‍ക്ക് ചികിത്സ നല്‍കണമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്.
കുടിയേറ്റക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജിപി സര്‍ജറികളില്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ടതായു കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇവര്‍ക്ക് ചികിത്സാ സൗകര്യം നിഷേധിക്കുന്നത്. അതുപോലെ തന്നെ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് ആയിരക്കണക്കിന് പൗണ്ട് ആശുപത്രികള്‍ ഫീസിനത്തില്‍ അനധികൃതമായി ഈടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശികള്‍ക്ക് നല്‍കുന്ന ചികിത്സാ സൗകര്യങ്ങള്‍ കുറച്ചതിനു ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.
22 ശതമാനത്തിലേറെ രേഖകളില്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. മേല്‍വിലാസം തെളിയിക്കാനോ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനോ സാധിക്കാത്തതിനാലാണ് എന്‍എച്ച്‌സ് ആശുപത്രികളിലും ജിപികളിലും ഇവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത്. ഇതു മാത്രമല്ല രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ വിധത്തില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.
ജനുവരിയില്‍ നിലവില്‍ വന്ന ധാരണാപത്രമനുസരിച്ച് വിദേശികളായ രോഗികളുടെ വിവരങ്ങള്‍ എന്‍എച്ച്എസ് ഡിജിറ്റല്‍ ഹോം ഓഫീസിന് കൈമാറണം. ഏപ്രിലില്‍ നിലവില്‍ വന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് രോഗികള്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ചികിത്സ നല്‍കാനാകൂ. ഇത്തരം ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് ആശുപത്രികളില്‍ നിന്ന് രോഗികളെ പിന്നോട്ട് വലിക്കുമെന്നും ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാകാനിടയുള്ള സാധ്യതകളുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Leave a Reply