ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നതായും ഇംഗ്ലീഷ് പഠനം തടയുന്നതായും റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുട്ടികളാണ് ഇത്തരത്തില്‍ മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതെന്ന് ഒരു സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമിത യാഥാസ്ഥിതികത്വം പുലര്‍ത്തുന്ന നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജൂതപ്പളളിക്കൂടങ്ങളിലാണ് ഈ അവസ്ഥാ വിശേഷമെന്നാണ് വിവരം. ഇവിടെ കുട്ടികള്‍ക്ക് മേല്‍ ക്രൂരമായ ശിക്ഷാമുറകളാണ് അരങ്ങേറുന്നത്. പതിനെട്ടു വയസാകുമ്പോള്‍ത്തന്നെ ഇവരെ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച് വിവാഹം ചെയ്യിക്കുന്നതായും അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇത്തരം സ്‌കൂളുകളിലുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജൂതമത ഗ്രന്ഥങ്ങള്‍ മാത്രം പഠിപ്പിക്കുന്ന മുപ്പത്തഞ്ച് സ്‌കൂളുകള്‍ രാജ്യമെമ്പാടുമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ എട്ടുമതല്‍ രാത്രി പത്ത് വരെയാണ് ഇവയുടെ പ്രവര്‍ത്തനസമയം. കുട്ടികള്‍ ജൂതഭാഷയില്‍ മാത്രമേ ആശയവിനിമയം നടത്താവൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇംഗ്ലീഷ് സംസാരിക്കാന്‍ കുട്ടികള്‍ക്ക് അവകാശമില്ല. ദൈനംദിന ജീവതത്തിലാവശ്യമായ ലളിതമായ ഗണിത പാഠങ്ങള്‍ക്കും ഇവിടെ വിലക്കുണ്ട്. ഈ പഠനത്തിലൂടെ ഇവര്‍ക്ക് ജോലി ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മാത്രമല്ല സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ പോലും ഈ വിദ്യാഭ്യാസത്തിലൂടെ ഇവര്‍ക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നാല് വയസു മുതല്‍ കുട്ടികള്‍ ഭയത്തോടെയാണ് കഴിയുന്നത്. കര്‍ശന മതനിയമങ്ങളൊന്നും ലംഘിക്കാന്‍ പാടില്ല. ഈ വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ലെന്ന് മാത്രമല്ല പതിനെട്ട് വയസാകുമ്പോള്‍ തന്നെ ഇവരെ വിവാഹവും കഴിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനും അവകാശമില്ല. ഇത്തരം സ്‌കൂളുകളില്‍ കുട്ടികള്‍ ദിവസവും മര്‍ദ്ദനങ്ങള്‍ക്കിരയാകാറുണ്ടെന്ന് ഏഴു മുതല്‍ പതിനാറ് വയസുവരെ ഫെയ്ത്ത് സ്‌കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. പുസ്തകങ്ങളും ഗ്രന്ഥശാലകളും എല്ലാം ഇവര്‍ക്ക് അന്യമാണ്. ടിവിയും ഇന്റര്‍നെറ്റും റേഡിയോയും സമൂഹ മാധ്യമങ്ങളും ഇവര്‍ക്ക് നിഷേധിച്ചിരിക്കുന്നു.
ചുറ്റുപാടുമുളള ലോകത്തെക്കുറിച്ച് യാതൊരു വിവരവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ആരാണ് പ്രധാനമന്ത്രിയെന്നോ ആരായിരുന്നു പ്രധാനമന്ത്രിയെന്ന കാര്യമോ തങ്ങള്‍ അറിയുന്നുണ്ടായിരുന്നല്ലെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു. രാജകീയ വിവാഹങ്ങളെക്കുറിച്ചോ ഒളിംപ്ക്‌സിനെക്കുറിച്ചോ ഒന്നും അറിഞ്ഞിരുന്നില്ല. ഇംഗ്ലീഷ് ഇല്ലാതാക്കുന്നതിലൂടെ പുറംലോകവുമായി ബന്ധപ്പെടാനുളള സാധ്യതകളും അധികൃതര്‍ തടയുകയായിരുന്നു.
നാലായിരം ആണ്‍കുട്ടികളും ആയിരത്തഞ്ഞൂറോളം പെണ്‍കുട്ടികളുമാണ് ഇത്തരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഈ വിശദാംശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇതേക്കുറിച്ച് മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതായി സൂചനയുണ്ട്. വലിയ സുരക്ഷാ ഭീഷണിയാണ് ഇത്തരം സ്‌കൂളുകള്‍ സൃഷ്ടിക്കുന്നതെന്നും ഇവ അടച്ചുപൂട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.