ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആയിരത്തോളം യൂറോപ്യൻ യൂണിയൻ ധനകാര്യ സ്ഥാപനങ്ങൾ യുകെയിൽ ആദ്യമായി ഓഫീസുകൾ തുറക്കുന്നതായി ഫിനാൻഷ്യൽ കൺസൾട്ടൻസി ബോവിൽ. 1500ഓളം പേയ്‌മെന്റ് സ്ഥാപനങ്ങളും ഇൻഷുറർമാരും ബ്രെക്‌സിറ്റിനുശേഷം യുകെയിൽ പ്രവർത്തനം തുടരാനുള്ള അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ ഫ്രീഡം ഓഫ് ഇൻഫർമേഷൻ (എഫ്‌ഐഐ) അഭ്യർത്ഥനയിൽ കണ്ടെത്തി. മൂന്നിൽ രണ്ട് പേർക്കും ബ്രിട്ടനിൽ മുൻകാല പ്രവർത്തനങ്ങൾ ഇല്ലായിരുന്നു. ലണ്ടൻ ഒരു പ്രധാന ആഗോള സാമ്പത്തിക കേന്ദ്രമായി തുടരുമെന്ന് ഇത് സൂചിപ്പിക്കുന്നു. “ഈ യൂറോപ്യൻ സ്ഥാപനങ്ങളിൽ പലതും ആദ്യമായി ഓഫീസുകൾ തുറക്കും. യുകെ പ്രൊഫഷണൽ അഡ്വൈസ് സ്ഥാപനങ്ങൾക്ക് ഇത് സന്തോഷവാർത്തയാണ്.” ബോവിലിലെ മാനേജിംഗ് കൺസൾട്ടന്റ് മൈക്ക് ജോൺസൺ പറഞ്ഞു. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള ബിസിനസ് സർവീസ് സെക്ടറിന് ഉത്തേജനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയുടെ സാമ്പത്തിക മേഖലയെ ബ്രെക്സിറ്റ് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയുമായുള്ള എഫ്‌ഐഐ അഭ്യർത്ഥനയെക്കുറിച്ച് ബോവിലിന്റെ വിശകലനത്തിൽ 400 ലധികം ഇൻഷുറൻസ് സ്ഥാപനങ്ങളും നൂറിലധികം ബാങ്കുകളും യുകെയിലേക്ക് മാറാനോ അവരുടെ സാന്നിധ്യം വർദ്ധിപ്പിക്കാനോ പദ്ധതിയിടുന്നതായി കണ്ടെത്തി. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് അയർലൻഡ്, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ കമ്പനികളിൽ നിന്നാണ്.
230 ഐറിഷ് കമ്പനികളാണ് പട്ടികയിലുള്ളത്. ഫ്രാൻസിൽ നിന്ന് 186 കമ്പനികളും ജർമ്മനിയിൽ നിന്ന് 168 കമ്പനികളുമുണ്ട്. ധനകാര്യ സേവന തുല്യത സംബന്ധിച്ച് യൂറോപ്യൻ യൂണിയനും ഒരുമിച്ചൊരു തീരുമാനത്തിലെത്തേണ്ടതിന്റെ പ്രാധാന്യം ഈ കണക്കുകൾ സൂചിപ്പിക്കുന്നതായി പ്രധാന മന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. യൂറോപ്പിലുടനീളമുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ ലണ്ടനെ ഒരു ആഗോള ധനകാര്യ കേന്ദ്രമായി അംഗീകരിക്കുന്നതായും ഇവിടെ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Leave a Reply