ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സ്വപ്നഭൂമിയാണ് യുകെ. നേഴ്സ് ആയി ജോലി കിട്ടാത്ത നിരവധി പേരാണ് യുകെയിൽ എത്താനായി കെയർ മേഖലയിൽ ജോലി ചെയ്യുന്നത് . കേരളത്തിൽ നിന്ന് വിദ്യാർത്ഥി വിസയിൽ എത്തുന്ന പലരും പെർമനന്റ് റസിഡൻസ് ലഭിക്കാനായി ആശ്രയിക്കുന്നത് കെയർ മേഖലയിലെ ജോലിയാണ്.
ഹോം ഓഫീസ് അടുത്തിടെയായി സ്വീകരിച്ചു വരുന്ന നടപടികൾ യുകെയിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. കെയർ മേഖലയിൽ മാത്രമല്ല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മറ്റ് സ്ഥലങ്ങളിലും അടുത്തിടെ വ്യാപകമായി നടക്കുന്ന പരിശോധനകളിൽ നിരവധി മലയാളികളും നടപടി നേരിട്ടതായാണ് അറിയാൻ സാധിച്ചത്. ഹോം ഓഫീസ് തൊഴിലുടമകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചതിനെ തുടർന്ന് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും ആയിരക്കണക്കിന് മൈഗ്രന്റ് കെയർ തൊഴിലാളികളാണ് യുകെയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇങ്ങനെ ഭീഷണി നേരിടുന്നവരിൽ 50 ലക്ഷത്തിലധികം പണം മുടക്കി യുകെയിൽ പഠനത്തിനായി എത്തി സ്റ്റേ ബാക്ക് പീരിയഡിന്റെ കാലാവധി കഴിഞ്ഞ വിദ്യാർഥികളും ഉൾപ്പെടുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.
ഏജന്റുമാർക്ക് ലക്ഷങ്ങൾ നൽകി കെയർ വിസയിൽ യുകെയിലെത്തിയ നിരവധി മലയാളികളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. തൊഴിൽ ഉടമയ്ക്കെതിരെ എടുക്കുന്ന നടപടിയുടെ പേരിൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്ന അവസ്ഥയും നിലവിലുണ്ട്. അനധികൃതമായി യുകെയിൽ താമസിക്കുന്ന അഭയാർത്ഥികൾക്ക് ഇനി അഭയം നൽകില്ലെന്ന നിയമം കഴിഞ്ഞ ദിവസം യുകെ പാർലമെൻറിൽ പാസാക്കിയിരുന്നു. അനധികൃതമായി എത്തിയവരെ തിരിച്ചയക്കുന്ന നടപടിയോടെ സഹകരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകാതിരിക്കുക, ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെല ഈഗിള്‍ പറഞ്ഞു. കർശന നടപടികൾ ഒട്ടേറെ മലയാളികളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply