മലയാളം യുകെ  ന്യൂസ് ടീം.

അന്തിമ സമരത്തിനു തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പതിനായിരക്കണക്കിന് നഴ്സുമാർ കേരള തലസ്ഥാനത്ത് മാർച്ചു ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന വേതനം സ്വകാര്യ മേഖലയിൽ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെമ്പാടും നിന്ന് എത്തിയ നഴ്സുമാർ ഒരുമയോടെ തിരുവനന്തപുരത്തിൻറെ വിരിമാറിൽ തങ്ങളുടെ അവകാശ പ്രഖ്യാപനം നടത്തിയത്. ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും നഴ്സുമാർ മാർച്ചിനെത്തിയിരുന്നു. നഴ്സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലും മുംബയിലും ലോകമെമ്പാടും നഴ്സുമാർ യോഗങ്ങൾ നടത്തി. ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മരണം വരെ നിരാഹാരം നടത്തുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ പ്രഖാപിച്ചു. ജൂലൈ 17 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് സമ്പൂർണ പണിമുടക്കിന് യുഎൻഎ ആഹ്വാനം ചെയ്തു. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നല്കുന്ന മാനേജ്മെൻറുകളുടെ ആശുപത്രികൾ സമരത്തിൽ നിന്ന് ഒഴിവാക്കപ്പെടും.

ന്യായമായ ആവശ്യങ്ങളുടെ നേരെ മുഖം തിരിച്ചു നിൽക്കുന്ന മാനേജ്മെന്റുകളുടെയും അധികാരികളുടെയും മനോഭാവത്തിനെതിരെയുള്ള സമരകാഹളം മുഴക്കി അണിനിരന്നത് പതിനായിരങ്ങൾ. സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുവാൻ നഴ്സുമാർ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ 11 മണിയോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്ന് കരുണയുടെ മാലാഖാമാർ മാർച്ചിന് തുടക്കം കുറിച്ചു. യൂണിഫോം അണിഞ്ഞെത്തിയ നഴ്സുമാർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു ഒത്തൊരുമയോടെ തലസ്ഥാനത്തെ കാല്ക്കീഴിലാക്കിയപ്പോൾ കേരളം കണ്ട ഐതിഹാസികമായ സമര ഭേരിക്ക് തുടക്കമായി. മാർച്ചിന് മുൻനിരയിൽ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അണിനിരന്നു. തൃശൂർ ജില്ലയിൽ നിന്നെത്തിയ നഴ്സുമാർക്ക് പിന്നാലെ മറ്റു ജില്ലയിലെ യുഎൻഎ പ്രവർത്തകരും വരിവരിയായി നിരന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ എത്തിയത്. സമരത്തിൽ പങ്കെടുക്കരുതെന്ന് പല മാനേജ്മെന്റുകളും നല്കിയ അന്ത്യശാസനം വകവയ്ക്കാതെയാണ് നഴ്സുമാർ തലസ്ഥാനത്ത് എത്തിച്ചേർന്നത്. സമരത്തിനു പോകാൻ ഒരുങ്ങിയവരെ പോകാൻ അനുവദിക്കാതെ പൂട്ടിയിട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തികച്ചും സമാധാനപരമായി പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പോലീസിൻറെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാർച്ച് മുന്നേറിയത്. നഴ്സുമാർക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും പൊതു ജനങ്ങളും മാർച്ചിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു തലസ്ഥാനത്ത് കണ്ടത്. യുഎൻഎയുടെ സമരത്തിന് ദിനംപ്രതി പിന്തുണ വർദ്ധിക്കുന്നു എന്നതിൻറെ തെളിവായിരുന്നു തിരുവനന്തപുരത്തെ ശക്തിപ്രകടനം. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.