ലണ്ടൻ: പ്രതിസന്ധികളിൽ നിന്ന് കരകയറ്റി എൻഎച്ച്എസിനെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. ഇന്നലെ സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധ മാർച്ചിൽ സിനിമാതാരം റാൽഫ് ലിറ്റിൽ ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. ജീവനക്കാരുടെ കുറവും വിന്റർ പ്രതിസന്ധിയും മൂലം ഊർദ്ധ്വശ്വാസം വലിക്കുന്ന ആരോഗ്യ സർവീസിനെ രക്ഷിക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിനെത്തിയവർ ഉന്നയിച്ചത്. എൻഎച്ച്എസിന് ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും റാലി സംഘടിപ്പിച്ച പീപ്പിൾസ് അസംബ്ലിയും ഹെൽത്ത് ക്യാംപെയിൻസ് ടുഗെതറും ആവശ്യപ്പെട്ടു.
എൻഎച്ച്എസിലെ മെന്റൽ ഹെൽത്ത് കെയർ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് റാൽഫ് ലിറ്റിൽ കഴിഞ്ഞ വർഷവും റാൽഫ് ലിറ്റിൽ രംഗത്തെത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടുമായി ഇക്കാര്യത്തിൽ ലിറ്റിൽ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ചലച്ചിത്ര മേഖലയിൽ എത്തുന്നതിനു മുമ്പ് വൈദ്യശാസ്ത്രം പഠിച്ചിട്ടുള്ളയാളാണ് ലിറ്റിൽ. എൻഎച്ച്എസിനെ സ്വകാര്യവൽക്കരിക്കാനോ ഫണ്ടുകൾ വെട്ടിക്കുറച്ച് ശ്വാസം മുട്ടിക്കാനോ ഉള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എൻഎച്ച്എസ് വിൽപനക്കില്ല, എൻഎച്ച്എസിൽ നിന്ന് കയ്യെടുക്കൂ തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്ലക്കാർഡുകളേന്തിക്കൊണ്ടായിരുന്നു ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. എൻഎച്ച്എസിന് കൂടുതൽ ഫണ്ടുകൾ നൽകിക്കൊണ്ട് സ്വകാര്യമമേഖല ആരോഗ്യസേവന രംഗത്ത് പ്രാമുഖ്യം നേടുന്നതിനെ ചെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കൻ ശൈലിയിലുള്ള യൂസർ പേയ് സംവിധാനം ആവിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇംഗ്ലണ്ടിൽ മാത്രം 40,000 നഴ്സിംഗ് പോസ്റ്റുകൾ ഒഴിഞ്ഞു കിടിക്കുന്നുണ്ടെന്നാണ് റോയൽ കോളേജ് ഓഫ് നഴ്സിംഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Reply