സ്വന്തം ലേഖകൻ
വെൽഷ് : വെൽഷ് കടൽത്തീരത്ത് ഞെട്ടിപ്പിക്കുന്ന സംഭവം. ആയിരക്കണക്കിന് ചെറുമത്സ്യങ്ങളാണ് കടൽത്തീരത്ത് ചത്തുപൊങ്ങിയത്. ഗ്യനഡിലെ ബാർമൌത്തിന് സമീപമുള്ള ബെനാർ ബീച്ചിൽ ആണ് സംഭവം. നാച്ചുറൽ റിസോഴ്‌സസ് വെയിൽസിൽ (എൻആർഡബ്ല്യു) ഈ ആവിശ്വസനീയ സംഭവം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. റേ ഫിൻഡ് മത്സ്യങ്ങളുടെ ക് ലൂപ്പിഡേ ഫാമിലിയിൽ പെട്ട സ്പ്രാറ്റ്സ് ആണിവയെന്ന് കരുതുന്നു. “നോർത്ത് വെയിൽസിലെ ബാർമൗത്തിനടുത്തുള്ള ബെനാർ ബീച്ചിൽ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി ശനിയാഴ്ച ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചു.” എൻആർഡബ്ല്യുവിന്റെ വക്താവ് പറഞ്ഞു.
ഇത് പ്രകൃതിയുടെ പ്രതിഭാസം ആണെന്നും വെള്ളത്തിൽ വസിക്കുന്ന മറ്റു ജീവികളിൽ നിന്ന് വൻ തോതിൽ രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് ഇതുണ്ടാവുന്നതെന്നും എൻആർഡബ്ല്യു പറഞ്ഞു. എന്നാൽ ഈ ആഴ്ചയിലെ ശാന്തമായ കടൽ സൂചിപ്പിക്കുന്നത് ചെറുമീനുകൾ കടൽത്തീരത്തേക്ക് എത്താൻ സാധ്യതയില്ലെന്നാണ്. ഇത് ആശങ്കാകുലമാണെന്ന് തോന്നാമെങ്കിലും സംഭവിക്കുന്നതാണ്. സംഭവം റിപ്പോർട്ട് ചെയ്തവർക്ക് എൻആർഡബ്ല്യു നന്ദി അറിയിച്ചു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ 0300 065 3000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും അവർ അറിയിച്ചു.
മലിനീകരണം മൂലമല്ല ഇത് ഉണ്ടായത്. അതുകൊണ്ട് തന്നെ കടൽത്തീരം വൃത്തിയാക്കുന്നതിന് സാധാരണയായി ആരെയും ചുമതലപ്പെടുത്തില്ലെന്നും എൻആർഡബ്ല്യു കൂട്ടിച്ചേർത്തു. സ്പ്രാറ്റുകളിലെ പോഷകങ്ങൾ വീണ്ടും കടലിലേക്ക് എത്തുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ മത്സ്യങ്ങളിൽ ഭൂരിഭാഗവും കടലിലേക്ക് തന്നെ ഒഴുകിനീങ്ങുമെന്നും അവർ അറിയിച്ചു.