ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 4 സന്നദ്ധ പ്രവർത്തകർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നവരാണ് കൊല്ലപ്പെട്ട ഏഴ് പേരും . ഇസ്രയേൽ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ മരണങ്ങൾ തന്നെ ആകുലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
തിങ്കളാഴ്ചത്തെ ആക്രമണത്തിൽ യുകെയിൽ നിന്നുള്ള ജോൺ ചാപ്മാൻ, ജെയിംസ് ഹെൻഡേഴ്സൺ, ജെയിംസ് കിർബി എന്നിവരാണ് മരണമടഞ്ഞത്. ഓസ്‌ട്രേലിയൻ പൗരനായ ലാൽസാവോമി ഫ്രാങ്കോം, പോളിഷ് പൗരനായ ഡാമിയൻ സോബോൾ, ഫലസ്തീനിയൻ സെയ്ഫ് അബു താഹ, യുഎസ്-കനേഡിയൻ പൗരനായ ജേക്കബ് ഫ്ലിക്കിംഗർ എന്നിവരാണ് ഇസ്രായേൽ ആക്രമണത്തിൽ മരണമടഞ്ഞ മറ്റുള്ളവർ. സംഭവത്തെ തുടർന്ന് യുദ്ധ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ചാരിറ്റിയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ആസൂത്രിതമല്ലാത്ത ഒരു ആക്രമണത്തിലാണ് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. 3 ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ഇസ്രയേലി അംബാസിഡറെ വിളിച്ചു വരുത്തി. സൗഹൃദ രാജ്യമായ ഇസ്രായേലിന്റെ അംബാസിഡറെ അതൃപ്തി രേഖപ്പെടുത്താൻ 12 വർഷത്തിനിടെ ആദ്യമായാണ് യുകെ വിളിച്ചുവരുത്തുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാനുമായുള്ള ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply