മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ സാല്‍ഫോഡിലെ ഒരു വീട്ടിലാണ് കുടുംബത്തെ അപ്പാടെ ചുട്ടെരിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. വീട്ടിലെ ചിമ്മിനിയിലൂടെ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ചാണ് വീടിന് തീവച്ചത്. അമ്മയും അഞ്ചു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാരായ ഡെമി പീയേഴ്‌സണ്‍ (14), ബ്രാണ്ടന്‍(8), ഇവരുടെ സഹോദരിയായ ലേസി(7) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് മിഷേല്‍ പീയേഴ്‌സണും(35) ഇളയകുട്ടി ലിയയും(3) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവരുടെ മൂത്ത കുട്ടി കെയ്ല്‍ പീയേഴ്‌സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച്ച രാവിലെ അഞ്ചു മണിയോടെയാണ് വീടിന് തീപിടിച്ചത്. നേരത്തേ തന്നെ ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരാള്‍ വീടിന് മുന്‍പില്‍ വന്ന് അസഭ്യങ്ങള്‍ പറയുകയും കതകില്‍ ഇടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വെളുപ്പിന് രണ്ടുമണിയോടെ പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസ് പോയി മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം നടക്കുന്നത്. കുടുംബത്തിന് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി, പ്രത്യേക ഇലക്ട്രോണിക് സംവിധാനം വീടിന്റെ ലെറ്റര്‍ ബോക്‌സില്‍ പോലീസ് ഘടിപ്പിച്ചിരുന്നു. ആരെങ്കിലും വീടിന് മുന്‍പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പെട്ടന്ന് പൊലീസിന് ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള ഉപകരണമാണ് ഘടിപ്പിച്ചത്.
എന്നാല്‍ വീടിന് പുറകില്‍ ഘടിപ്പിച്ചിരുന്ന സ്‌കഫോള്‍ഡിങ് വഴി വീടിന്റെ മുകളിലെ ചിമ്മിനി വഴിയാണ് പ്രതികള്‍ പെട്ടന്ന് തീപിടിക്കുന്ന ദ്രാവകമൊഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് മിഷേലിന്റെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
Leave a Reply