പിറന്നാള്‍ കേക്കുമായുള്ള യാത്രയ്ക്കിടെ വഞ്ചി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്നു മരണം. സഹോദരങ്ങളടക്കമുള്ളവരുടെ വിയോഗം നാടിനെ നൊമ്പരത്തിലാക്കി. നെട്ടൂര്‍ ബീന മന്‍സില്‍ (പെരിങ്ങോട്ടുപറമ്പ്) നവാസിന്റെയും ഷാമിലയുടെയും മക്കളായ ആഷ്‌ന (22), ആദില്‍ (18), കോന്തുരുത്തി മണലില്‍ പോളി ന്റെയും ഹണിയുടെയും മകന്‍ എബിന്‍ പോള്‍ (20) എന്നിവരാണു മരിച്ചത്.

എബിന്റെ സുഹൃത്ത് കോന്തുരുത്തി കളത്തിപ്പറമ്പില്‍ ജൂഡ് തദേവൂസിന്റെ മകന്‍ പ്രവീണ്‍ (23) രക്ഷപ്പെട്ടു. കോന്തുരുത്തി തേവര കായലില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടയത്.

ആഷ്‌നയും ആദിലും വീട്ടില്‍ നിര്‍മിച്ചതായിരുന്നു കേക്ക്. കോന്തുരുത്തിയില്‍നിന്നു ഫൈബര്‍ വള്ളത്തിലാണ് എബിനും പ്രവീണും എത്തിയത്. വ്യവസായ മേഖലയിലേക്ക് ബാര്‍ജുകള്‍ പോകുന്ന ദേശീയ ജലപാത 3ന്റെ ഭാഗമായ നിലയില്ലാ ഭാഗത്ത് എത്തും മുന്‍പു വഞ്ചി മറിഞ്ഞു. നീന്തി വരികയായിരുന്ന പ്രവീണിനെ നെട്ടൂര്‍ പടന്നയ്ക്കല്‍ പൗലോസാണ് (ഉണ്ണി) രക്ഷപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട്, മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനങ്ങാട് പൊലീസും ഫോര്‍ട്ട്‌കൊച്ചി, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷന്‍ സ്‌കൂബാ ഡൈവിങ് സംഘവും ഉടന്‍ തിരച്ചില്‍ തുടങ്ങി. സ്‌കൂബാ ഡൈവിങ് സംഘം ആദ്യം മുങ്ങിയെടുത്തത് ആഷ്‌നയുടെ മൃതദേഹമാണ്. ഒന്നര മണിക്കൂറിനകം എല്ലാ മൃതദേഹങ്ങളും മുങ്ങിയെടുത്തു. ഒഴുക്കില്ലാത്ത ഭാഗത്തായതില്‍ മൃതദേഹങ്ങള്‍ വേഗം കണ്ടെത്തി.

എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. പെരുമ്പാവൂര്‍ നാഷനല്‍ കോളജില്‍ ബിഎഡ് വിദ്യാര്‍ഥിനിയാണ് ആഷ്‌ന. സഹോദരന്‍ ആദില്‍ തൃപ്പൂണിത്തുറ ഗവ. എച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കളമശേരി സെന്റ് പോള്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് എബിന്‍. സഹോദരന്‍: ആല്‍ബിന്‍