തൃശ്ശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കുഞ്ഞിന്റെ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവേലിന് നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങിയിരുന്നു.

എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. പിന്നീട് പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കത്തിക്കാൻ കരുതിയ ഡീസൽ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു.

ജനിച്ചയുടനെ തന്നെ കുഞ്ഞ് കരയാതിരിക്കാൻ വെള്ളത്തിൽ മുക്കിയതും ഈ സംഭവത്തിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിൽ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടിൽ 22 കാരിയായ മേഘ, അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവൽ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്.

എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഇമാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിക്കുകയും ബാഗിലാക്കി കാമുകന് ഉപേക്ഷിക്കാൻ നൽകുകയും ചെയ്തു.

താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബവും അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്.