ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡും വർക്ക് ഫ്രം ഹോമും പുതിയ ഒരു തൊഴിൽ സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കോവിഡ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലിയുടെ ഭാഗമായി ഓഫീസുകളിൽ പോകുന്നതിന് പലർക്കും താത്പര്യമില്ല . ലണ്ടനിലെ പോളിസി ഇൻസ്റ്റിറ്റ്യൂഷനും കിങ്സ് കോളേജും സംയുക്തമായി നടത്തിയ ഒരു സർവ്വേ സൂചിപ്പിക്കുന്നത് രാജ്യത്തെ തൊഴിൽ ജീവിതം ഉടനെയൊന്നും കോവിഡിനു മുമ്പുള്ള അവസ്ഥയിലേയ്ക്ക് മാറാൻ സാധ്യതയില്ലെന്നാണ്.
സർവ്വേയിൽ പങ്കെടുത്ത നാലിൽ മൂന്ന് പേരും ഫുൾടൈം ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ താത്‌പര്യമുള്ളവരല്ല. 60 ശതമാനം തൊഴിലാളികളും ആഴ്ചയിൽ ഒരിക്കലെങ്കിലും വർക്ക് ഫ്രം ഹോം വഴിയാണ് തങ്ങളുടെ ഓഫീസ് ജോലികൾ ഇപ്പോഴും ചെയ്യുന്നത്.
തിരക്കുള്ള സമയങ്ങളിലെ ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭിക്കാനായാണ് പലരും വർക്ക് ഫ്രം ഹോമിനെ ഒരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് . ഈ ആഴ്ചയിലും മാർച്ച് മാസത്തിലും നടന്ന ട്യൂബ് സ്ട്രൈക്ക് ആണ് ഇതിന് ഉപോദ്ബലകമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം യാത്രാ ചെലവിനായുള്ള പണം ലഭിക്കാമെന്നുള്ളതും പലരെയും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. മെയ് അവസാനം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ പഠനത്തിൽ 10 ബ്രിട്ടീഷുകാരിൽ ഒരാൾ മാത്രമേ വർക്ക് ഫ്രം ഹോം ഒഴിവാക്കി മുഴുവൻ സമയവും ഓഫീസിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു.
Leave a Reply