ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്ത്രീകളിൽ 75 ശതമാനം സ്ത്രീകൾക്കും മെനോപ്പോസ് പുതിയ മാനസിക അസുഖങ്ങൾക്ക് കാരണമാകാമെന്ന വിവരം അറിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് നടത്തിയ സർവേയിലാണ് പ്രസ്തുത വിവരങ്ങൾ പുറത്തുവന്നത്. യൂഗോവ് നടത്തിയ പഠനത്തിൽ വെറും 28 ശതമാനം സ്ത്രീകൾക്കാണ് മെനോപ്പോസുമായി ബന്ധപ്പെട്ട് പുതിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് അറിയുന്നത്. എന്നാൽ 93 ശതമാനം പേർ ചില ശാരീരിക അസ്വാസ്ഥ്യങ്ങളെയും 76 ശതമാനം പേർ ലൈംഗികാഗ്രഹക്കുറവിനെയും മാത്രമാണ് മെനോപ്പോസുമായി ബന്ധിപ്പിക്കുന്നത്. മെനോപ്പോസിന്റെ മാനസിക സ്വാധീനം സമൂഹം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് കോളേജ് പ്രസിഡന്റ് ഡോ. ലാഡെ സ്മിത്ത് വ്യക്തമാക്കി.

റിപ്പോർട്ട് പ്രകാരം പെരിമെനോപ്പോസ് ഘട്ടത്തിലുള്ള സ്ത്രീകൾക്ക് ബൈപോളാർ രോഗം വരാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. ക്ലിനിക്കൽ ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനം കൂടുതലാണെന്നും കണ്ടെത്തി. ഹോർമോൺ മാറ്റങ്ങൾ മൂലം ചിലർക്കു ഭക്ഷണാസക്തിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ വീണ്ടും ഉണ്ടാകാനും സാധ്യതയുണ്ട്. മെനോപ്പോസ് പ്രായത്തിലുള്ള സ്ത്രീകളിൽ ആത്മഹത്യ നിരക്ക് കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. മെഡിക്കൽ പരിശീലനത്തിൽ മെനോപ്പോസും മാനസികാരോഗ്യവും നിർബന്ധമായും ഉൾപ്പെടുത്തണമെന്നും തൊഴിൽസ്ഥലങ്ങളിൽ പ്രത്യേക നയങ്ങൾ വേണമെന്നും കോളേജ് ആവശ്യപ്പെട്ടു.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ നടത്തിയ മറ്റൊരു പഠനത്തിൽ യുകെയിലെ കറുത്ത വർഗക്കാരായ സ്ത്രീകളിൽ 58 ശതമാനം പേർക്ക് മെനോപ്പോസിനെക്കുറിച്ച് മതിയായ അറിവില്ലെന്ന് കണ്ടെത്തി. പലർക്കും ആകാംക്ഷയോ ഡിപ്രഷനോ ഉണ്ടെന്നുള്ള രോഗനിർണയം ആണ് അനുബന്ധമായി ലഭിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ടെലിവിഷൻ അവതാരക ഡാവിന മക്കോൾ സ്ത്രീകൾക്ക് വേണ്ട പിന്തുണ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് പ്രതികരിച്ചു. മെനോപ്പോസ് സംബന്ധിച്ച അവബോധവും സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.











Leave a Reply