ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ലണ്ടനിലെ കെയർ ഹോം അന്തേവാസികളെ മാനസികമായും ശാരീരികവുമായും ഉപദ്രവിച്ചതിന് മൂന്ന് കെയർ ഹോം ജീവനക്കാർക്ക് ജയിൽ ശിക്ഷ വിധിച്ചു. സട്ടനിലെ ഗ്രോവ് ഹൗസ് കെയർ ഹോമിൽ പഠന വൈകല്യമുള്ള അന്തേവാസികളെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് എതിരെയുള്ള ആരോപണങ്ങളിൽ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തെളിവുകൾ നൽകിയിരുന്നു.
മൂന്നുപേരുടെയും പ്രവർത്തനങ്ങൾ ക്രൂരവും അവർ ഇരകളെ പതിവായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നും ശിക്ഷ വിധിച്ച ജഡ്ജി ആന്റണി ഹൈമാൻസ് പറഞ്ഞു . 2019 -ൽ പ്രവർത്തനം ആരംഭിച്ച കെയർ ഹോമിലെ പീഡനങ്ങളെക്കുറിച്ച് ഒരു ജീവനക്കാരൻ പോലീസിൽ പരാതി പറഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളായ ജോർജിയോസ് സ്‌കോർഡൗലിസ് (28), അഹമ്മദ് ഹസനൻ (54) എന്നിവർക്ക് 24 മാസവും അലക്‌സ് നസ്രത്ത് (30) – ന് 18 മാസവും തടവുശിക്ഷ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത് .
കഠിനമായ പഠന വൈകല്യവും വളരെ കുറച്ച് മാത്രം ആശയവിനിമയ ശേഷിയുമുള്ള 24 വയസ്സുകാരനായ ബെഞ്ചമിൻ ഡാനിയൽസാണ് പ്രതികളുടെ ക്രൂര പീഡനത്തിന് ഇരയായത്. ശാരീരികമായ ഉപദ്രവിക്കുക മുടിയിൽ പിടിച്ച് മുകളിലെ നിലയിലേയക്ക് വലിച്ചിഴയ്ക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ ക്രൂരതകളാണ് ഇവർ ചെയ്തിരുന്നത്. മറ്റ് താമസക്കാരെയും പ്രതികൾ പതിവായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഒട്ടേറെ മലയാളികളാണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. വളരെയേറ ക്ഷമയും പരിശീലനവും ആവശ്യമായ കെയർ ഹോമുകളിലെ ജോലി ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പല കെയർ ഹോം ജീവനക്കാർക്കും മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്തവരാണെന്നും പലപ്പോഴും ട്രെയിനിങ് പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ ജോലിക്ക് പ്രവേശിക്കപ്പെട്ടവരാണെന്നുള്ള ഗുരുതരമായ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു .
Leave a Reply