ന്യൂസ് ഡെസ്ക് , മലയാളം യുകെ

അനിക ചെബ്രോളു എന്ന ഇന്ത്യൻ അമേരിക്കൻ പെൺകുട്ടിയാണ് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്റെ പ്രോജക്ട് അവാർഡിനായി സമർപ്പിച്ചത്. ലോകം ഉടനീളമുള്ള ശാസ്ത്രജ്ഞൻമാർ മരണ വൈറസിനെതിരെയുള്ള ചികിത്സയ്ക്കായി അഹോരാത്രം പണിയെടുക്കുമ്പോൾ തന്റെ കഴിവിന്റെ പരമാവധി സഹായിക്കുകയാണ് അനികയുടെ ലക്ഷ്യം. ടെക്സാസിലെ ഫ്രിസ്കോയിൽ നിന്നുള്ള അനികക്ക് ത്രീ എം യങ് സയന്റിസ്റ്റ് ചലഞ്ച് അവാർഡ് ആണ് ലഭിച്ചത്. കോവിഡ് 19ന് എതിരെയുള്ള ചികിത്സയിൽ നിർണായക പങ്കുവഹിച്ചേക്കാവുന്ന കണ്ടെത്തലാണ് അനികയുടേത്.

സാർസ്-കോവ് -2  വൈറസിന്റെ  സ്പൈക്ക്  പ്രോട്ടീനിൽ  പ്രത്യേകമായി  ഒട്ടിച്ചെടുക്കാനാവുന്ന  (ബൈൻഡ് ചെയ്യാൻ ആവുന്ന) ഒരു മോളിക്യൂൾ, ഇൻ സിലിക്കോ മെത്തഡോളജി ഉപയോഗിച്ച് അനിക കണ്ടെത്തിയിരുന്നു. ” കഴിഞ്ഞ രണ്ട് ദിവസമായി എന്റെ പ്രോജക്ടിന് ലോക മാധ്യമ ശ്രദ്ധനേടാൻ കഴിഞ്ഞതായി മനസ്സിലാക്കുന്നു,സാർസ്-കോവ് -2 വൈറസിനെ പ്രതിരോധിക്കാനുള്ള അനേകം പരീക്ഷണങ്ങളിൽ ഒന്നാണിത് എന്നതിനാലാവാം. എല്ലാവരെയും പോലെ എനിക്കും ഭൂമുഖത്തുനിന്ന് ഈ അസുഖം തുടച്ചുനീക്കണമെന്നും നമ്മളെല്ലാവരും നിത്യജീവിതത്തിലേക്ക് മടങ്ങിപ്പോകണം എന്നും അതിയായ ആഗ്രഹമുണ്ട്.” അനിക പറയുന്നു.

ആഗോളതലത്തിൽ 1.1 മില്യൻ ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്.ഡിസംബറിൽ ചൈന ആദ്യ കേസ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ മാത്രം ഇതുവരെ മരണങ്ങൾ 219000 കടന്നു.

 

ഇൻഫ്ലുവൻസ വൈറസിന്റെ പ്രധാന പ്രോട്ടീൻ ഭാഗത്ത് പറ്റി പിടിക്കാൻ ആവുന്ന പദാർത്ഥത്തെ ഇൻ- സിലിക്കോ മാർഗ്ഗം ഉപയോഗിച്ച് കണ്ടെത്താനാണ് അനികയുടെ ആദ്യശ്രമം. മുൻപ് തന്നെ ലോകത്തുണ്ടായ മഹാമാരികളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും പഠിക്കാനും റിസർച്ച് നടത്താനും ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും അതിനു മധ്യത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് സാർസ്-കോവ് -2 വൈറസ് ലോകത്തെ മുഴുവൻ മാറ്റിമറിച്ചു. തന്റെ മെന്ററിന്റെ സഹായത്തോടെ ഇതിനെതിരെയുള്ള പോരാട്ടത്തിൽ താനും അണിചേരുകയാണ്. 1918 ലെ ഫ്ലൂ എങ്ങനെയാണ് മനുഷ്യൻ ഇല്ലാതാക്കിയതെന്ന് താൻ പഠിച്ചു, അതിനുശേഷം വാക്സിനുകൾ ഉണ്ടായിട്ടും അമേരിക്കയിൽ ദിനംപ്രതി രോഗം ബാധിച്ചു ആളുകൾ മരിക്കുന്നുണ്ടായിരുന്നു. ഇവയൊക്കെയും പഠനവിധേയമാക്കി.

“അനികയുടെ സഹജമായ ജിജ്ഞാസ കോവിഡ് 19നെ നിയന്ത്രിക്കാനുള്ള വാക്സിനുകളിലേക്ക് സഞ്ചരിക്കുകയായിരുന്നു,ധാരാളം ഡേറ്റാബേസ് കളക്ട് ചെയ്തും സമാനമായ സാഹചര്യങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ചും, അവളുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചും പരീക്ഷണങ്ങൾ നടത്തിയുമാണ് അനിക മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്ന് ത്രീ എം യങ് സയന്റിസ്റ്റ് ചാലഞ്ച് ജഡ്ജ് ഡോക്ടർ സിൻഡി മോസ് പറഞ്ഞു.

നേതൃനിരയിൽ ഉള്ള ശാസ്ത്രജ്ഞർക്കൊപ്പം വൈറസിനെ തോൽപ്പിക്കാനുള്ള യഥാർത്ഥ വാക്സിൻ കണ്ടുപിടിക്കാനുള്ള തീവ്രമായ പരിശ്രമമാണ് ഇനി അനികയുടെ ലക്ഷ്യം.

ലാബിലോ പഠനത്തിലോ പരീക്ഷണങ്ങളിലോ അല്ലാത്ത സമയത്ത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരു സാധാരണ പതിനാലുകാരിയുടെ ജീവിതമാണ് അനിക നയിക്കുന്നത്. എട്ടുവർഷമായി ഭരതനാട്യം പഠിക്കുന്ന അനിക ഒരു മികച്ച നർത്തകി കൂടിയാണ്.