തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമായി. ഒടുവില്‍ പോലീസിനു നേരെയും മര്‍ദനം.

സിഎംഎസ് കോളജ് റോഡില്‍ ചാലുകുന്നിലാണു സംഭവം. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംജി സര്‍വകലാശാലാ ഉദ്യോഗസ്ഥയും അതിരമ്പുഴ ബൂത്തിലെ പോളിങ് ഓഫിസറുമായിരുന്ന കാരാപ്പുഴ സ്വദേശിനിയുടെ കാറാണു ചാലുകുന്നില്‍ കുഴിയില്‍ വീണത്. റോഡരികിലെ വീടിനോടു ചേര്‍ന്ന മതിലില്‍ ഇടിച്ചാണു കാര്‍ നിന്നത്.

പിന്നാലെ മറ്റൊരു വാഹനത്തില്‍ എത്തിയവര്‍ ഇതു കണ്ടു സഹായിക്കാന്‍ ഇറങ്ങി. കാര്‍ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടനെ സമീപത്തുള്ള നാട്ടുകാരില്‍ ചിലര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി കുഴിയില്‍ നിന്നു മാറ്റി. ഈ സമയം കാറിന്റെ ടയര്‍ കുഴിയിലും റോഡിലും ഉരസി പൊട്ടി. ഇതോടെ ആദ്യത്തെ സംഘവും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി.

തര്‍ക്കം അടിപിടിയിലായി. ഈ സമയം അതുവഴിയെത്തിയ വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എംജെ അരുണ്‍ സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യസംഘത്തിലെ 3 പേര്‍ ചേര്‍ന്ന് അരുണിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതു കണ്ട് ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ ജോണ്‍ തോമസിനെ അക്രമികള്‍ കൈക്കു കടിച്ചു പരുക്കേല്‍പിച്ചു. ഒടുവില്‍ അക്രമികളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

ബാങ്ക് ജീവനക്കാരന്‍ അയ്മനം പാണ്ഡവം വൈശാഖം വീട്ടില്‍ ആനന്ദ് കൃഷ്ണ, ഇദ്ദേഹത്തിന്റെ സഹോദരനും മൊബൈല്‍ കോടതി ജീവനക്കാരനുമായ അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയമണിക്കല്‍ ഹേമന്ത് ചന്ദ്ര എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

മദ്യപിച്ചു രാത്രി നഗരത്തില്‍ കറങ്ങാനിറങ്ങിയതാണ് ഇവരെന്നു പോലീസ് പറഞ്ഞു. പോലീസിന്റെ ജോലിക്കു തടസ്സം ഉണ്ടാക്കിയതിനും ആക്രമിച്ചതിനുമാണു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.