ലണ്ടന്‍: ബ്രിട്ടനില്‍ പനി മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ വിന്ററിലേതിനേക്കാള്‍ മൂന്നിരട്ടി മരണങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മരിച്ചവരുടെ എണ്ണം 155 കടന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറല്‍ പനിയുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലും ജിപികളിലും എത്തുന്ന പനി ബാധിതരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച 35 പേരാണ് പനി മൂലം മരിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇതേ കാലയളവിലുള്ള പനിമരണങ്ങള്‍ 11 എണ്ണം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാലും ഈ വര്‍ദ്ധനവ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നാമത്തെ ആഴ്ച വരെ 53 പേര്‍ മാത്രമായിരുന്നു മരിച്ചത്. 2014-15 കാലത്തെ വിന്റര്‍ പനിമരണങ്ങള്‍ക്കൊപ്പമെത്തുമോ ഈ കണക്കുകള്‍ എന്ന ആശങ്കയാണ് ആരോഗ്യവൃത്തങ്ങള്‍ പങ്കുവെക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ അനുസരിച്ച് 2010-11 കാലത്തേക്കാള്‍ ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
പ്രായപൂര്‍ത്തിയായവരേക്കാള്‍ കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 2016-17 വര്‍ഷത്തേക്കാള്‍ 15 ലക്ഷം അധികം ആളുകള്‍ ഇത്തവണ ഫ്‌ളൂ പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ട്. ഇത് രോഗത്തിന്റെ വ്യാപനത്തെ തടയുമെന്നായിരുന്നു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് പനി ബാധിതരുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയാണെന്ന് കണക്കുകള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത് 758 പേരാണ്. അതിന് മുമ്പത്തെ ആഴ്ചയില്‍ 598 പേരും ആശുപത്രികളില്‍ എത്തി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകളിലും പ്രവേശിപ്പിക്കപ്പെട്ടവര്‍ 198ല്‍ നിന്ന് 205 ആയി ഉയര്‍ന്നിട്ടുണ്ട്. 22 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്. രാജ്യത്തെ ആശുപത്രികളുടെ ഒമ്പതില്‍ ഒന്നു മാത്രം വരുന്ന ഈ ട്രസ്റ്റുകളുടെ വിവരങ്ങള്‍ ബ്രിട്ടനിലെ പനിബാധിതരുടെ എണ്ണം സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നില്ല എന്നതാണ് വാസ്തവം.
Leave a Reply