ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യോർക്ക്ഷെയറിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റ് വേദിയെയും കാണികളെയും ത്രസിപ്പിച്ച ഒരു പ്രകടനമായിരുന്നു മൂന്നു വയസ്സുകാരി അരുണിമ സജീഷ് കാഴ്ച വെച്ചത്. ‘അണ്ണാറ കണ്ണാ വാ ‘ എന്ന മലയാള ഗാനം ഈ മൂന്നു വയസ്സുകാരിയുടെ ശ്രുതി മാധുര്യത്തിലൂടെ കാണികളിലേക്ക് എത്തിയപ്പോൾ, കേട്ടിരുന്ന എംപിയും മേയറും ഉൾപ്പെടെയുള്ളവർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. അലൻസ് ക്രോഫ്റ്റ് നേഴ്സറി വിദ്യാർത്ഥിയായ അരുണിമ തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബിർമിങ്ഹാമിലെ കിങ്‌സ് ഹീത്തിലാണ് അരുണിമയുടെ കുടുംബം താമസിക്കുന്നത്. അരുണിമയുടെ പിതാവ് സജീഷ് ദാമോദരൻ സേവനം യുകെയുടെ സ്ഥാപകരിൽ ഒരാളും, ബിസിഎംസിയുടെ മുൻ സെക്രട്ടറിയും, ബിർമിങ്ഹാം ഹയാട്ട് റീജൻസിയിലെ ജീവനക്കാരനുമാണ്. യുകെയുടെ പല മേഖലകളിലും  യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന സംഘടനയാണ് സേവനം യു കെ. മലയാളം യുകെ അവാർഡ് നൈറ്റിൽ ഇത്തവണ സാമൂഹിക സേവനങ്ങൾ നടത്തുന്ന ഏറ്റവും മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം നേടിയതും സജീഷിന്റെ സേവനം യു കെ ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗായികയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ സ്മിത സജീഷാണ് അരുണിമയുടെ മാതാവ്. ബിർമിങ്ഹാം ക്വീൻ എലിസബത്ത് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ സ്മിതയുടെ ഹിന്ദി ഗാനവും അവാർഡ് നൈറ്റിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു. അരുണിമയുടെ സഹോദരങ്ങളായ പതിമൂന്നു വയസ്സുകാരൻ അർജുൻ സജീഷും, പത്തു വയസ്സുകാരൻ ആര്യൻ സജീഷും ഗായകരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ നടത്തിയ പ്രകടനത്തോടെ അരുണിമ നിരവധി പേരുടെ അഭിനന്ദനത്തിന് അർഹയായിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു. ഇത്രയും വലിയ ഒരു വേദിയിൽ തന്റെ മകൾക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പിതാവ് സജീഷ് പറഞ്ഞു.