സ്വന്തം ലേഖകൻ

തൃശൂര്‍ : കോൺഗ്രസ് ബി ജെ പിയുടെ മുദ്രാവാക്യത്തിന്  കുടപിടിക്കുന്നു, ഉള്‍പ്പോരും കുതികാല്‍വെട്ടും നാണക്കേടായി, ആം ആദ്മി പാര്‍ട്ടി ഇന്ത്യയിൽ ബി ജെ പിക്ക് ബദലാകുന്നു.  കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ തൃശൂര്‍ അതിരൂപതാ മുഖപത്രം. രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം.  കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും തമ്മിലടിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുട പിടിക്കുകയാണെന്നും കത്തോലിക്കാസഭ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തില്‍ വിമര്‍ശനം. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്ന് ലേഖനം ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.

നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്നും വിമര്‍ശനമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാജ്യമാകെ ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെയായിരുന്നു. അവിടെ മല്‍സരം നടന്നത് എസ്പിയും ബിജെപിയും തമ്മിലാണ്. പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കോണ്‍ഗ്രസ് കളത്തിലില്ലാതായി. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയും ഏറ്റവും വലിയ പ്രതീക്ഷയുമായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകുകയാണ്. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രതിവിധി ഉണ്ടാക്കാന്‍ ആരും തയ്യാറല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുടചൂടി കൊടുക്കുകയാണ് പരസ്പരം തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെന്നും ലേഖനത്തിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്പത് ശതമാനത്തിലേറെ ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിയുടെ പ്രചരണത്തിനായി. മുസ്ലീം സമുദായം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. സ്തുതിപാഠകരുടെയും അധികാരമോഹികളുടെയും കൂട്ടായ്മയായി വീണ്ടും വീണ്ടും തരം താഴുകയാണ് കോണ്‍ഗ്രസ്. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും കളഞ്ഞു കുളിക്കാനുള്ള വഴിയിലാണ് ഈ പാര്‍ട്ടി. പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറയുകയും പ്രസിഡന്റിന്റെ റോളില്‍ ചരട് വലിക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കോണ്‍ഗ്രസിന്റെ ദുരവസ്ഥ കാണാന്‍ ഡല്‍ഹി വരെയൊന്നും പോകേണ്ടതില്ല. രണ്ട് തെരഞ്ഞെടുപ്പ് മുമ്പ് വരെ 54ല്‍ 50 സീറ്റും നേടി തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ച കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നിട്ട് കൂടി തൃശൂരിൽ ഭരണം നേടാനായില്ല. ഇവിടെ പാര്‍ട്ടി ഭാരവാഹിത്വത്തിനുള്ള ഗ്രൂപ്പ് വടംവലിയിലാണ് നേതാക്കള്‍. ഈ വടംവലിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഇനിയും പരാജയത്തിന്റെ വഴിയില്‍ തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.