ഭർതൃഗൃഹത്തിൽ വെച്ച് ജീവനൊടുക്കിയ ആശയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആശയെ ആവാസനായി ഒന്ന് കാണാൻ പോലും ഭർതൃവീട്ടുകാർ മക്കളെ അനുവദിച്ചില്ലായിരുന്നു. ഇതേത്തുടർന്നു അഞ്ചുമണിക്കൂറോളമാണ് ആശയുടെ അന്ത്യകർമ്മങ്ങൾ നീണ്ടുപോയത്. പിന്നീട്ട് പോലീസും രാഷ്ട്രീയ പ്രവർത്തകരും ഇടപെട്ടതിനെ തുടർന്നാണ് ആശയുടെ രണ്ടു മക്കളെ മൃതദേഹം കാണിക്കാനായി എത്തിച്ചത്.

അമ്മയെ അവസാനമായി ഒരുനോക്ക് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അച്ഛൻ്റെയും കുടുംബത്തിൻ്റെയും ശാസനയ്ക്കു മുന്നിൽ നിസഹായരായി നിൽക്കാനേ ഏഴുവയസുകാരൻ സഞ്ജയ്ക്കും നാലുവയസുകാരൻ ശ്രീറാമിനും കഴിഞ്ഞുള്ളു. നൊമ്പരക്കാഴ്ചയായി. കുട്ടികളെ വിട്ടുനൽകാൻ കുട്ടികളുടെ അച്ഛൻ സന്തോഷും കുടുംബവും സമ്മതിക്കാതെ വന്നതോടെയാണ് സംസ്‌കാരം നീണ്ടത്. ഇതോടെ ജില്ലാ ഭരണകൂടവും സ്ഥലം എംഎൽഎയും ഇടപെടുകയായിരുന്നു. അമ്മയുടെ മൃതദേഹം കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കർശന നടപടി സ്വീകരിക്കാനും കളക്ടർ ഹരിത വി കുമാർ പൊലീസിന് നിർദ്ദേശം നൽകിയതോടെയാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമുണ്ടായത്. കുട്ടികളെ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ചൈൽഡ് ലൈനിനോടും കളക്ടർ നിർദ്ദേശിക്കുകയായിരുന്നു.

മുരളി പെരുനെല്ലി എംഎൽഎയും പാവറട്ടിയിലുള്ള യുവതിയുടെ വീട്ടിലെത്തി കുട്ടികളെ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുമായി സംസാരിച്ച് ഉച്ചയ്ക്കാണ് കുട്ടികളെ പാവറട്ടിയിലെ വീട്ടിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുമുറ്റത്ത് തന്നെ ഒരുക്കിയ ചിതയിൽ സംസ്‌കാരം നടത്തിയത്. മക്കൾ രണ്ടു പേരും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. സംസ്കാരം നടന്നശേഷം കുട്ടികളെ ഭർതൃവീട്ടുകാർ തിരികെ കൊണ്ടുപോകുകയായിരുന്നു. ആശയുടെ ഭർത്തൃവീട്ടുകാരുടെ പ്രവർത്തികൾക്ക് എതിരെ വൻ ജനരോഷമാണ് ഉയർന്നത്. സ്വന്തം അമ്മയുടെ മൃതദേഹം കാണേണ്ട എന്ന് കുട്ടികളുടെ അച്ഛനും അയാളുടെ കുടുംബത്തിനും തീരുമാനിക്കാൻ എന്താണ് അവകാശമെന്നാണ് ജനങ്ങൾ ചോദിക്കുന്നതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളായിരുന്നു അനുഭവിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പലപ്പോഴും വീട്ടിലെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഭർത്താവിൻ്റെ അനുജനായിരുന്നു. അയാൾ പറയാതെ ആശയ്ക്ക് അനങ്ങാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നെന്നും ആശയുടെ വീട്ടുകാർ പറയുന്നു. ഇതിനെല്ലാം സമ്മതം മൂളി ഭർത്താവിന്റെ അമ്മയും സന്തോഷിൻ്റെ അനുജനൊപ്പം നിന്നിരുന്നു എന്നും ആശയുടെ ബന്ധുക്കൾ പറയുന്നു. പലതവണ സന്തോഷിനോട് ഇക്കാര്യങ്ങൾ ആശ വിളിച്ചു പറഞ്ഞുവെന്നും എന്നാൽ അയാൾ അത് കാര്യമാക്കി എടുക്കാതെ നിസാരവത്കരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ആശ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ സന്തോഷ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയിരുന്നു. അതിനുശേഷം ഇയാൾ ആശയെ കാണാൻ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ആശ മരണപ്പെട്ടതിനു പിന്നാലെ സന്തോഷും ബന്ധുക്കളും ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു എന്നാണ് വിവരം.

ഭർത്താവ് സന്തോഷിൻ്റെ നാട്ടികയിലുള്ള വീട്ടിൽ വച്ചാണ് ആശ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17നാണ് മരിച്ചത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തന്നെ മൃതദേഹം പാവറട്ടിയിലെ ആശയുടെ വീട്ടിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. കുട്ടികളെ അതിനു മുമ്പ് എത്തിക്കാമെന്ന തീരുമാനത്തെ തുടർന്നായിരുന്നു സമയം നിശ്ചയിച്ചത്. എന്നാൽ പിന്നീട് സന്തോഷും കുടുംബവും ആ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കുട്ടികളെ സംസ്കാരത്തിന് എത്തിക്കാൻ കഴിയില്ലെന്ന് അവർ തീർത്തുപറഞ്ഞതോടെയാണ് സംഭവത്തിൽ വിവാദങ്ങൾ ആരംഭിച്ചതും. ആശയും സന്തോഷും 12 വർഷം മുമ്പാണ് വിവാഹിതരായത്. മരണത്തിന് കാരണക്കാർ സന്തോഷിൻ്റെ കുടുംബമാണെന്നും ആശ വന്ന ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായും ആശയുടെ ബന്ധുക്കൾ ആരോപണങ്ങൾ കൂടി ഉന്നയിച്ചതോടെ വിവാദങ്ങൾ മൂച്ഛിക്കുകയാണ്.